News - 2024

ബംഗ്ലാദേശിലെ ക്രൈസ്തവ സമൂഹം ഭീഷണിയുടെ നടുവിൽ

സ്വന്തം ലേഖകന്‍ 30-07-2018 - Monday

ധാക്ക: ബംഗ്ലാദേശിലെ ഉള്‍പ്രദേശങ്ങളിലുള്ള ക്രൈസ്തവർ ജീവിക്കുന്നത് ഭീഷണിയുടെ നിഴലില്‍. ഗോത്ര വംശജരായ വിശ്വാസികൾ കടുത്ത മത പീഡനത്തിനിരയാകുന്നുവെന്നും ഭവനരഹിതരാക്കുമെന്ന ഭീഷണി വിശ്വാസികള്‍ നേരിടുന്നതായും ഏഷ്യ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ച സന്താൽ ഗ്രാമത്തിൽ ക്രൈസ്തവരുടെ ഭവനങ്ങൾ ഗവൺമെന്റ് അധികൃതർ കൈയ്യേറിയതായി ഔർ ലേഡി ഓഫ് സോറോ ഇടവക വികാരി ഫാ. സാംസൺ മാറണ്ടി ഏഷ്യ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ആയിരത്തിയഞ്ഞൂറോളം ക്രൈസ്തവരാണ് പരിമിതമായ ജീവിത സാഹചര്യങ്ങളിൽ കഴിച്ചുകൂട്ടുന്നത്.

സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച താത്കാലിക അഭയകേന്ദ്രങ്ങളാണ് അവരുടെ ആശ്രയം. അറുപത്തിയഞ്ചുകാരനായ അബ്രാഹം ക്രൂസ് എന്ന ക്രൈസ്തവ വിശ്വാസി തന്റെ കദന കഥ ഏറെ വേദനയോടെയാണ് പങ്കുവെച്ചത്. ധാക്ക കത്തോലിക്ക ദേവാലയത്തിന് സമീപമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭവനം അധികൃതരുടെ ഒത്താശയോടെ 2015ൽ ഒരു മുസ്ലിം പ്രദേശവാസി കൈക്കലാക്കി. എന്നാൽ, ഭവനം അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ തുടരുന്നതിനാൽ വൈദ്യുതി ബില്ലും മറ്റും അടയ്ക്കാൻ നിർബന്ധിതനായി. നിരവധി തവണ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചുവെങ്കിലും മറുപടിയെന്നും ലഭിച്ചില്ലെന്ന നിരാശയും അദ്ദേഹം പങ്കുവെച്ചു.

കഫ്രുൾ ക്വാസി രൂപതാംഗം ജുമുർ ഗോമസ് എന്ന കത്തോലിക്ക യുവതിയുടെ ഭവനവും നിർമ്മാണ കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസി എന്ന കാരണത്താൽ പീഡിപ്പിക്കപ്പെടുന്നതായും പോലീസിന്റെ മൗനാനുവാദം കുറ്റവാളികളെ സംരക്ഷിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു. നേത്രകോണ ജില്ലയിൽ പ്രകൃതി സംരക്ഷണ പാർക്ക് നിർമ്മിക്കണമെന്നു പറഞ്ഞാണ് സര്‍ക്കാര്‍ ക്രൈസ്തവ കുടുംബങ്ങളെ ലക്ഷ്യം വച്ച് ഒഴിപ്പിക്കല്‍ നടത്തുന്നത്. സര്‍ക്കാര്‍ നടപടിയില്‍ ക്രൈസ്തവർ ഇരയാക്കപ്പെടുകയാണെന്ന് ഫാ.ലിറ്റൻ ഹ്യുബർട്ട് ഗോമസ് പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നീക്കം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം വിലയിരുത്തി.

2010-ൽ ദിനജപുർ രൂപതയിലെ ഗയിബന്ധയിൽ നടന്ന ഭൂമി തർക്കം മുസ്ളിം സമൂഹം ക്രൈസ്തവർക്കെതിരെ പ്രക്ഷോഭമാക്കിയിരിന്നു. അന്നത്തെ ആക്രമണത്തില്‍ നാല് ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

More Archives >>

Page 1 of 345