News - 2024

നിക്കരാഗ്വ അഭയാര്‍ത്ഥികള്‍ക്ക് കോസ്റ്ററിക്ക സഭയുടെ കൈത്താങ്ങ്‌

സ്വന്തം ലേഖകന്‍ 05-08-2018 - Sunday

ക്യൂസാഡാ, കോസ്റ്ററിക്ക: കഴിഞ്ഞ നാലുമാസങ്ങളായി നിക്കരാഗ്വയില്‍ നടക്കുന്ന അക്രമങ്ങളില്‍ നിന്നും രക്ഷപ്പെടുവനായി പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് കോസ്റ്ററിക്കയിലെ ക്യൂസാഡാ രൂപത. വൈദികര്‍ക്കും, വിശ്വാസികള്‍ക്കുമായി പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ ക്യൂസാഡായിലെ മെത്രാനായ ജോസ് മാനുവല്‍ ഗരിറ്റ ഹെരേര തന്നെയാണ് അഭയാര്‍ത്ഥി സേവന കേന്ദ്രങ്ങള്‍ തുറന്ന വിവരം പുറത്തുവിട്ടത്. പാവോണ്‍ ഡി ലോസ് ചിലെസിലെ സെന്റ്‌ റാഫേല്‍ ദി ആര്‍ച്ച് ഏഞ്ചല്‍ ഇടവക ദേവാലയത്തിലും, പിടാല്‍ ഡി സാന്‍ കാര്‍ലോസിലെ അന്തോണി ഓഫ് പാദുവ ഇടവക ദേവാലയത്തിലുമാണ് സേവന കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്.

ഭക്ഷണം, വസ്ത്രം, ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങിയവയാണ് സേവന കേന്ദ്രങ്ങള്‍ വഴി അഭയാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത്. രൂപതയുടെ സാമൂഹ്യ സേവന വിഭാഗവും, പുരോഹിതരും, ഇടവക സംഘടനകളും സംയുക്തമായാണ് നിക്കരാഗ്വ അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ നടത്തുന്നത്. ഭക്ഷണവും, വസ്ത്രവും ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി ഓഗസ്റ്റ് 11, 12 തിയതികളില്‍ എല്ലാ ഇടവകകളില്‍ നിന്നും ഇവ ശേഖരിക്കുന്നതിനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്.

നിക്കരാഗ്വ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അര്‍ദ്ധസൈനിക വിഭാഗങ്ങളേയും, പോലീസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ പ്രസിഡന്റ് ശ്രമിച്ചതോടെയാണ് നിക്കരാഗ്വെയിലെ അന്തരീക്ഷം കലാപകലുഷിതമായത്. ഏതാണ്ട് 400-ഓളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതിനു കത്തോലിക്കാ സഭ സജീവമായി തന്നെ രംഗത്തുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ പേരില്‍ ഭരണകൂട അനുകൂലികള്‍ മെത്രാന്‍മാര്‍ ഉള്‍പ്പെടെയുള്ള പുരോഹിതരെ ആക്രമിച്ച സംഭവം ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

More Archives >>

Page 1 of 347