News

നൂറ്റാണ്ടിന് ശേഷം ജറുസലേമിലെ ജീസസ് മ്യൂസിയം വീണ്ടും തുറന്നു

സ്വന്തം ലേഖകന്‍ 06-08-2018 - Monday

ജറുസലേം: യേശു ജീവിച്ചിരുന്ന കാലഘട്ടവും, യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളും ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്രായേലിലെ ‘ടെറാ സാങ്ങ്റ്റാ’ മ്യൂസിയം ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സ് വീണ്ടും തുറന്നു. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മ്യൂസിയം പ്രദര്‍ശനത്തിനായി തുറക്കുന്നത്. രണ്ടാം ക്ഷേത്ര കാലഘട്ടത്തിലെ ജറുസലേമിലെ ജീവിതത്തെ സംബന്ധിച്ച പ്രദര്‍ശനമൊരുക്കുന്ന ഇസ്രായേലിലെ ആദ്യത്തെ മ്യൂസിയമാണിത്. വിശുദ്ധ നാട്ടില്‍ നിന്നുള്ള പുരാവസ്തുക്കള്‍ക്ക് പുറമേ, കിന്നരത്ത് തടാക മേഖലയില്‍ നിന്നും, ബെത്ലഹേം, ഹെറോദിയോന്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള പുരാവസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇതില്‍ പലതും 100 വര്‍ഷമായി മ്യൂസിയത്തിന്റെ ശേഖരത്തില്‍ ഇടംപിടിച്ചെങ്കിലും പ്രദര്‍ശിപ്പിച്ചിട്ടില്ലായിരിന്നു. റോമാ സാമ്രാജ്യത്തിനെതിരെ കലാപം നടത്തിയ കലാപകാരികള്‍ നിര്‍മ്മിച്ച അര ഷെക്കേല്‍ നാണയം, 2000 വര്‍ഷങ്ങള്‍ പഴക്കമുള്ള ചില്ല് പാത്രം, ജെറുസലേമില്‍ നിര്‍മ്മിച്ചിട്ടുള്ള പുരാതന ആഭരണം, അക്കാലത്തെ സാധാരണ ജനങ്ങളേയും, സ്ഥലങ്ങളേയും സംബന്ധിക്കുന്ന വസ്തുക്കള്‍, ചന്തകളില്‍ വില്‍ക്കപ്പെട്ട സാധനങ്ങള്‍, പണം കൈമാറുന്ന രീതി, മണ്‍ പാത്രങ്ങള്‍, ചില്ല് തുടങ്ങിയ സാധനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.

ക്രൈസ്തവരോടൊപ്പം യഹൂദരേയും, അറബികളേയും സംബന്ധിക്കുന്ന വസ്തുക്കളും പ്രദര്‍ശനത്തിലുണ്ട്. മ്യൂസിയത്തിന്റെ മൂന്നാം അവതാരമെന്നാണ് ക്രിസ്ത്യന്‍ പുരാവസ്തുശാസ്ത്രത്തിലെ പ്രൊഫസ്സറായ ഫാ. യൂജിനോ അല്ലിയാട്ട പറയുന്നത്. 1902-ലാണ് ജറുസലേമിലെ പുരാതനനഗരത്തിന്റെ കിഴക്കേ മൂലയില്‍ സിംഹകവാടത്തിന് സമീപമുള്ള ഫ്രാന്‍സിസ്കന്‍ സഭയുടെ കീഴിലുള്ള ഫ്ലാജെല്ലേഷന്‍ ദേവാലയത്തിലാണ് മ്യൂസിയം ആദ്യമായി തുറന്നത്. ഈ ദേവാലയം സ്ഥിതിചെയ്യുന്നിടത്ത് വെച്ചാണ് യേശുവിനെ പടയാളികള്‍ ചമ്മട്ടിക്കൊണ്ടടിച്ചതെന്നു പറയപ്പെടുന്നത്. ഗാഗുല്‍ത്തായിലേക്ക് കുരിശും ചുമന്നുകൊണ്ടുള്ള യേശുവിന്റെ പീഡാസഹന യാത്ര വഴിയായ വിയാ ഡോളറോസയിലെ രണ്ടാം സ്ഥാനമാണിത്.

വളരെയേറെ പഴക്കമുള്ളതാണ് മ്യൂസിയത്തിന്റെ കെട്ടിടം, ഇതിന്റെ ഒരു ഭാഗം രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്ന്‍ പറയപ്പെടുന്നു. ഹേറോദിന്റെ ഭവനമെന്നാണ് ഈ ഭാഗമറിയപ്പെടുന്നത്. മറ്റ് ഭാഗങ്ങള്‍ 1500-ഓളം വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈസന്റൈന്‍ കാലഘട്ടത്തിലേയും, കുരിശുയുദ്ധക്കാരുടെ കാലഘട്ടത്തിലും ഉള്ളതാണ്. കെട്ടിടത്തില്‍ രണ്ട് ഭാഗങ്ങള്‍ കൂടി പണിയുവാനുള്ള പദ്ധതിയുമുണ്ട്.

More Archives >>

Page 1 of 348