News
അയര്‍ലണ്ട് സന്ദര്‍ശനം; പാപ്പ ഇമോജിയുമായി ട്വിറ്റർ
സ്വന്തം ലേഖകന്‍ 11-08-2018 - Saturday
ഡബ്ലിന്‍: ആഗോള കുടുംബ സംഗമത്തിൽ പങ്കെടുക്കാനായി ഫ്രാൻസിസ് പാപ്പ അയർലണ്ടിൽ എത്തുന്നതു പരിഗണിച്ചു പാപ്പ ഇമോജി അവതരിപ്പിക്കുവാന്‍ ട്വിറ്റർ ഒരുങ്ങുന്നു. അയർലണ്ടിന്റെ പതാകയുടെ മുൻപിൽ ഫ്രാൻസിസ് പാപ്പ നിൽക്കുന്ന രീതിയിലുള്ള ഒരു ഇമോജിയും, അയർലണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ദേവാലയവുമായി ബന്ധപ്പെട്ട മറ്റൊരു ഇമോജിയുമായിരിക്കും ട്വിറ്റർ അവതരിപ്പിക്കാൻ പോകുന്നതെന്ന്‍ ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. #PopeInIreland, #FestivalOfFamilies തുടങ്ങിയവയായിരിക്കും ലോക കുടുംബ സംഗമവും, പാപ്പയുടെ വരവും പ്രമാണിച്ചുള്ള പ്രധാന ട്വിറ്റർ ഹാഷ് ടാഗുകൾ. പാപ്പയുടെ അയർലണ്ട് സന്ദര്‍ശന സമയത്ത് ആരെയൊക്കെ ട്വിറ്ററിൽ പിന്‍തുടരണം എന്നുളള നിർദേശവും ട്വിറ്റർ നൽകും.
പുതിയ പാപ്പ ഇമോജി ട്വിറ്റർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലോക കുടുംബ സംഗമത്തിന്റെ സംഘാടകർ പറഞ്ഞു. നേരത്തെ 2015-ൽ ഫ്രാൻസിസ് മാർപാപ്പ അമേരിക്കയിൽ എത്തിയപ്പോൾ പാപ്പ അമേരിക്കയിൽ പതാകയുടെ മുൻപിൽ നിൽക്കുന്ന രീതിയിലുള്ള ഒരു ഇമോജി ട്വിറ്റർ രൂപകൽപന ചെയ്തിരുന്നു. ആഗസ്റ്റ് മാസം ഇരുപത്തിഒന്നു മുതൽ, ഇരുപത്തിയാറു വരെ അയർലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ വെച്ചാണ് ലോക കുടുംബ സംഗമം നടക്കുന്നത്. ഏതാണ്ട് അഞ്ചുലക്ഷം വിശ്വാസികൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കുടുംബ സംഗമത്തിൽ പങ്കെടുക്കാനായി എത്തിചേരുമെന്നാണ് കരുതപ്പെടുന്നത്.