News - 2025
യഹൂദരെ പുതിയ നിയമം പഠിപ്പിച്ച് കത്തോലിക്ക സന്യാസിനികൾ
സ്വന്തം ലേഖകന്‍ 09-08-2018 - Thursday
ജറുസലേം: യേശുവിന്റെ കാലത്ത് ഇസ്രായേലിൽ നിലനിന്നിരുന്ന ജീവിത പശ്ചാത്തലത്തിനെ അടിസ്ഥാനമാക്കി ഹീബ്രു ഭാഷയിൽ യഹൂദരെ പുതിയ നിയമം പഠിപ്പിച്ച് കത്തോലിക്കാ സന്ന്യാസിനികൾ. ജറുസലേമിലുളള നോറ്റർ ഡേം ഡി സയൻ എന്ന പേരിലുളള സന്ന്യാസിനീ സമൂഹമാണ് വളരെയധികം ശ്രദ്ധയാകർഷിച്ച ഉദ്യമത്തിനു പിന്നിൽ. യഹൂദരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാനാണ് നോറ്റർ ഡേം ഡി സയൻ സന്ന്യാസിനീ സമൂഹം രൂപം കൊണ്ടത്. പിന്നീട് യഹൂദ മത പണ്ഡിതരെയും, ക്രെെസ്തവ മത പണ്ഡിതരെയും ഒരുമിച്ചു കൊണ്ടുവന്ന് എങ്ങനെ യഹൂദ സംസ്‌കാരം ബെെബിളിലെ ക്രെെസ്തവ നേതാക്കളെ സ്വാധീനിച്ചു എന്നു പഠിക്കാനുളള സ്ഥാപനമായി ഇത് രൂപാന്തരപ്പെട്ടുകയായിരുന്നു.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തെയും, വിശുദ്ധ ലൂക്കയുടെ സുവിശേഷത്തെയും ആസ്പദമാക്കി ഇവിടെ നടക്കുന്ന കോഴ്സുകൾ യഹൂദ സംസ്‌കാരം പുതിയ നിയമത്തിലെ പ്രധാന വ്യക്തിത്വങ്ങളെ എപ്രകാരം സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നവയാണ്. യഹൂദ പാരമ്പര്യ പശ്ചാത്തലത്തിലാണ് തങ്ങൾ സുവിശേഷം നോക്കി കാണുന്നത് എന്നാണ് സ്ഥാപനത്തിന്റെ ഡയറക്‌ടര്‍ സിസ്റ്റർ മാർഗരറ്റ് സുനിച്ച് പറയുന്നത്. അതിനാൽ സുവിശേഷ വ്യാഖ്യാനങ്ങൾ കൂടുതലായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും സിസ്റ്റർ സുനിച്ച് കൂട്ടിച്ചേർത്തു. 1843-ല്‍ ആണ് നോറ്റർ ഡേം ഡി സയൻ സന്യാസിനി സമൂഹം രൂപം കൊണ്ടത്.