News - 2025
സന്യാസ വഴിയില്‍ 75 വര്‍ഷങ്ങള്‍ പിന്നിട്ട് മെക്സിക്കന്‍ കന്യാസ്ത്രീ
സ്വന്തം ലേഖകന്‍ 10-08-2018 - Friday
ഗ്വാഡലാജാര, മെക്സിക്കോ: കര്‍ത്താവിന്റെ മണവാട്ടിയായി സന്യസ്ഥ ജീവിതത്തില്‍ 75 വര്‍ഷങ്ങള്‍ പിന്നിട്ട് മെക്സിക്കന്‍ കന്യാസ്ത്രീ ശ്രദ്ധേയാകര്‍ഷിക്കുന്നു. മെക്സിക്കോയിലെ ‘സെര്‍വന്റ്സ് ഓഫ് ദി മോസ്റ്റ് ഹോളി ട്രിനിറ്റി ആന്‍ഡ് ഓഫ് ദി പുവര്‍’ സഭാംഗമായ സിസ്റ്റര്‍ എമ്മായുടെ പ്രഥമ വൃതവാഗ്ദാനത്തിന്റെ 75-മത് വാര്‍ഷികമാണ് ഇക്കഴിഞ്ഞ ജൂലൈ 19-ന് ആഘോഷിക്കപ്പെട്ടത്. പാവപ്പെട്ട രോഗികളേയും, പ്രായമായവരേയും സഹായിച്ചുകൊണ്ടാണ് സിസ്റ്റര്‍ എമ്മാ കഴിഞ്ഞ 75 വര്‍ഷങ്ങളും ചിലവഴിച്ചത്.
1921-ല്‍ മെക്സിക്കോയിലെ ജലിസ്കോ സംസ്ഥാനത്തിലെ യാഹൂലിക്കായിലാണ് സിസ്റ്റര്‍ എമ്മാ ജനിക്കുന്നത്. 1940-ല്‍ എമ്മാ വാഴ്ത്തപ്പെട്ട വിസെന്റാ ചാവേസ് ഒറോസ്കോ സ്ഥാപിച്ച ‘സെര്‍വന്റ്സ് ഓഫ് ദി മോസ്റ്റ് ഹോളി ട്രിനിറ്റി ആന്‍ഡ് ഓഫ് ദി പുവര്‍’ സന്യാസിനി സഭയില്‍ ചേര്‍ന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 1943 ജൂലൈ 16-ന് ആദ്യ വൃതവാഗ്ദാനം നടത്തി. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നിത്യ വൃതവാഗ്ദാനം.‘സെര്‍വന്റ്സ് ഓഫ് ദി മോസ്റ്റ് ഹോളി ട്രിനിറ്റി ആന്‍ഡ് ഓഫ് ദി പുവര്‍’ സന്യാസിനീ സഭയെ സംബന്ധിച്ചിടത്തോളം അഭിമാനമാണെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
സിസ്റ്ററുമായി ഇടപഴകിയിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം സിസ്റ്ററിന്റെ സാന്നിധ്യം ദൈവസാന്നിധ്യത്തിനു തുല്ല്യമായിരുന്നുവെന്ന് ‘സെര്‍വന്റ്സ് ഓഫ് ദി മോസ്റ്റ് ഹോളി ട്രിനിറ്റി' സഭാംഗങ്ങള്‍ പറയുന്നു. തങ്ങളുടെ സഭയുടെ മൂല്യങ്ങള്‍ സിസ്റ്റര്‍ എമ്മായിലൂടെ തിളങ്ങുകയാണെന്നും സഹ കന്യാസ്ത്രീകള്‍ സൂചിപ്പിക്കുന്നു.
ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ദൈവസേവനം ചെയ്യുന്നതിനുമാണ് ദൈവം നമുക്ക് നിയോഗം തന്നിരിക്കുന്നതെന്ന് സിസ്റ്റര്‍ എമ്മാ എപ്പോഴും തങ്ങളെ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ടെന്ന് സിസ്റ്ററിന്റെ കൂടെ താമസിക്കുന്ന കന്യാസ്ത്രീമാര്‍ പറഞ്ഞു. ഗ്വാഡലാജാരയിലെ മോസ്റ്റ് ഹോളി ട്രിനിറ്റി ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള മഠത്തിലാണ് 97കാരിയായ സിസ്റ്റര്‍ എമ്മാ ഇപ്പോള്‍ താമസിക്കുന്നത്. സിസ്റ്റര്‍ എമ്മാ അംഗമായ സന്യാസിനീ സഭക്ക് മെക്സിക്കോയില്‍ നിരവധി ഹോസ്പിറ്റലുകളും, മെഡിക്കല്‍ ക്ലിനിക്കുകളും, മിഷന്‍ കേന്ദ്രങ്ങളും ഉണ്ട്.