News - 2024

യെമന്‍ കടന്നുപോകുന്നത് രൂക്ഷമായ പ്രതിസന്ധിയിലൂടെ: മോണ്‍. പോള്‍ ഹിന്‍ഡര്‍

സ്വന്തം ലേഖകന്‍ 11-08-2018 - Saturday

സനാ, യെമന്‍: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ മുന്നണി യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ സകല യുദ്ധനിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണെന്ന് തെക്കന്‍ അറേബ്യയുടെ അപ്പസ്തോലിക വികാറായ മോണ്‍. പോള്‍ ഹിന്‍ഡര്‍. കുട്ടികളുമായി പോയ ബസ്സ്‌ റിയാദിന്റെ മിസൈല്‍ ആക്രമണത്തിനിരയാവുകയും നിരവധി കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. വളരെയേറെ ഭീതിജനകമായ സാഹചര്യമാണ് യെമനില്‍ നിലനില്‍ക്കുന്നതെന്നും മോണ്‍. ഹിന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

റിയാദ് നടത്തിയ ആക്രമണത്തില്‍ ഇതുവരെ 43 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെപ്റ്റംബര്‍ 6-ന് ജനീവയില്‍ നടക്കുവാനിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ വലിയ പ്രതീക്ഷയില്ലെന്നും മോണ്‍. ഹിന്‍ഡര്‍ പറഞ്ഞു. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സനാ പ്രവിശ്യയിലെ ദഹ്യാനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണങ്ങള്‍ നടന്നുവരികയാണ്‌. ഇരുവിഭാഗവും പരസ്പരം പഴിചാരുന്നുണ്ടെങ്കിലും കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സാധാരണ പൗരന്‍മാരില്‍ 51 ശതമാനവും സൗദി ആക്രമണത്തിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതുവരെ കൊല്ലപ്പെട്ട 43 പേരില്‍ 38 പേരും ആറിനും പതിനാലിനും ഇടക്ക് പ്രായമുള്ള കുട്ടികളാണ്.

തോളില്‍ ബാഗും, യൂണിഫോമുമിട്ട നിലയിലുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നെന്നാണ് രക്ഷപ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ആക്രമണത്തിനിരയാവുമ്പോള്‍ ബസ്സ്‌ നിറുത്തിയിട്ട നിലയിലായിരുന്നു. പതിനഞ്ചിന് താഴെ പ്രായമുള്ള 29 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യെമനിലെ രണ്ടുകോടിയോളം ജനങ്ങള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. 1.78 കോടി ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നും, 1.64 കോടി ജനങ്ങള്‍ക്ക് മെഡിക്കല്‍ സഹായം ലഭിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2015-ല്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ 10,000-ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

More Archives >>

Page 1 of 350