News - 2024

കത്തോലിക്ക സഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ച് അമേരിക്ക

സ്വന്തം ലേഖകന്‍ 11-08-2018 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി: ആഭ്യന്തര കലഹം മൂലം പ്രതിസന്ധിയിലായ നിക്കരാഗ്വയില്‍ കത്തോലിക്കാ സഭ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്ക. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായി നിക്കരാഗ്വയിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, നിക്കരാഗ്വയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കത്തോലിക്കാ സഭ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായി പ്രസ്താവിച്ചു. ഓഗസ്റ്റ് 10-ന് ഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്.

കഴിഞ്ഞ കാലങ്ങളില്‍ നിക്കരാഗ്വയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് കത്തോലിക്കാ സഭ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും പെന്‍സ് പറഞ്ഞു. നിക്കരാഗ്വയിലെ സംഭവങ്ങളെ ഇരുവരും അപലപിച്ചു. രാജ്യത്തെ സാമൂഹ്യ സുരക്ഷാ, പെന്‍ഷന്‍ തുടങ്ങിയവയില്‍ മാറ്റം വരുത്തുവാനുള്ള പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ തീരുമാനത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് നിക്കരാഗ്വയില്‍ സമാധാനത്തിന് വിലങ്ങുതടിയായത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‍ തീരുമാനം മാറ്റിയെങ്കിലും, അര്‍ദ്ധ-സൈനീക വിഭാഗത്തേയും പോലീസിനേയും ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്തുവാന്‍ ഒര്‍ട്ടേഗ ശ്രമിച്ചതിനെ തുടര്‍ന്ന്‍ പ്രതിഷേധം ആളിക്കത്തുകയും അക്രമങ്ങള്‍ അരങ്ങേറുകയുമായിരിന്നു.

ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഗവണ്‍മെന്റ് കത്തോലിക്ക സഭക്കെതിരെ പരോക്ഷമായ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുവാന്‍ കഴിഞ്ഞ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പെന്‍സ് പ്രസ്താവിച്ചിരിന്നു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്. കത്തോലിക്കാ സഭക്ക് നേരെയും സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നുണ്ട്.

സമീപകാലത്ത് സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണത്തില്‍ മെത്രാന്‍മാര്‍ക്ക് പരിക്കേറ്റത് ആഗോള തലത്തില്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ കത്തോലിക്കാ സഭ ശ്രമിക്കുന്നുണ്ടെന്നാണ് ഒര്‍ട്ടേഗ ആരോപിക്കുന്നത്.ജൂലൈ അവസാനം നിക്കരാഗ്വയിലെ മനുഷ്യാവകാശ സംഘടനകളെ സഹായിക്കുന്നതിനും, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സംരക്ഷിക്കുന്നതിനുമായി 15 ലക്ഷം ഡോളര്‍ അമേരിക്ക ചിലവഴിച്ചിരുന്നു.

More Archives >>

Page 1 of 350