News
സുവിശേഷ പ്രഘോഷകനെ തടവിലാക്കിയ തുര്‍ക്കിക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്
സ്വന്തം ലേഖകന്‍ 15-08-2018 - Wednesday
വാഷിംഗ്ടണ്‍ ഡിസി: സുവിശേഷ പ്രഘോഷകനെ തടവിലാക്കിയ തുര്‍ക്കിക്കെതിരെ കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള അമേരിക്കന്‍ ഭരണകൂടം. രണ്ടുവര്‍ഷമായി തുര്‍ക്കിയില്‍ തടങ്കലിലുള്ള ആന്‍ഡ്രൂ ബ്രന്‍സണ്‍ എന്ന ഇവാഞ്ചലിക്കല്‍ പ്രെസ്ബിറ്റീരിയന്‍ പാസ്റ്ററെ മോചിപ്പിക്കാനുള്ള ട്രംപിന്റെ അന്ത്യശാസനം വകവയ്ക്കാതിരുന്ന തുർക്കിയുടെ മേൽ കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്ക എടുത്തിരിക്കുന്നത്. തുടര്‍ന്നു തുർക്കിയുടെ കറൻസി മൂല്യം കൂപ്പുകുത്തി. ഇതിന്റെ ഫലം ആഗോള തലത്തില്‍ തന്നെ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ ഇന്ത്യന്‍ രൂപ 1.60 ശതമാനം ഇടിഞ്ഞു ഡോളര്‍ വില 70 രൂപയ്ക്കു അടുത്തായത് ഈ നിലപാടിന്റെ പ്രതിഫലനമാണ്.
തുർക്കി പ്രസിഡന്റ് തയിബ് എർദോഗനെതിരെ നടന്ന അട്ടിമറി ശ്രമത്തിൽ പങ്കുണ്ട് എന്നാരോപിച്ച് പാസ്റ്റർ ആൻഡ്രൂ ബ്രൻസണെ വിട്ടുതരണം എന്ന ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനു വില കൽപ്പിക്കാതിരുന്ന തുർക്കി തിരിച്ചടി ഏറ്റുവാങ്ങുകയാണ്. അമേരിക്കയിലേയ്ക്ക് തുർക്കി കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ മേൽ ഇരട്ടി ചുങ്കം ഏർപ്പെടുത്തിയതോടെ തുർക്കിയുടെ കറൻസിയായ ലിറയുടെ മൂല്യം കൂപ്പുകുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. തുർക്കിയിലെ ഇസ്മിർ എന്ന ഒരു നഗരത്തിലായിരുന്നു പാസ്റ്റർ ബ്രൻസൺ കുടുബത്തോടൊപ്പം കഴിഞ്ഞിരുന്നത്. 2016 ഒക്ടോബർ മാസമാണ് ബ്രൻസണെ വ്യാജം ആരോപണം ഉന്നയിച്ച് തുർക്കി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വിശ്വാസത്തിന്റെ പേരിലാണ് ബ്രൻസണെ തുർക്കി അറസ്റ്റ് ചെയ്തതെന്ന്‍ അമേരിക്കന്‍ ക്രെെസ്തവ സമൂഹം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. വചനപ്രഘോഷകന്റെ മോചനം ഡൊണാൾഡ് ട്രംപ് ഏറ്റെടുത്തതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ പതിയുകയായിരിന്നു. സുവിശേഷ പ്രഘോഷകന്‍റെ മോചനത്തിന് വേണ്ടി പല തവണ ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ വളർത്തുന്ന നേതാവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്ന തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ട്രംപിന്റെ ആവശ്യത്തെ തളളുകയാണ് ഉണ്ടായത്. അമേരിക്കൻ വെെസ് പ്രസിഡന്റ് മെെക്ക് പെൻസും തുർക്കിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഏതാനും ആഴ്ചകൾക്കു മുൻപ് ട്രംപ് പാസ്റ്ററെ വിട്ടു കിട്ടണം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. അന്ത്യശാസനം എന്ന നിലയിൽ ട്രംപ് ഉന്നയിച്ച ആവശ്യം തയിബ് എർദോഗൻ നിരസിച്ചതോടെയാണ് അമേരിക്ക കടുത്ത നടപടികളിലേയ്ക്ക് കടന്നത്. പീഡിപ്പിക്കപ്പെടുന്ന ക്രെെസ്തവ വിശ്വാസികളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാന്‍ താന്‍ തയാറാണെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരിന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് വചനപ്രഘോഷകന്റെ മോചനത്തിന് വേണ്ടി ട്രംപ് ശക്തമായ നിലപാട് എടുത്തിരിക്കുന്നത്. നിലവിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ പരിഹരിക്കപ്പെടുവാന്‍ സുവിശേഷ പ്രഘോഷകന്‍റെ മോചനം കൂടിയെ തീരൂവെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.