News - 2025
ദയാവധ ബില്ലിനെ പിന്തുണക്കരുത്: ഓസ്ട്രേലിയന്‍ സെനറ്റര്‍മാരോട് കത്തോലിക്ക ആശുപത്രികളുടെ കൂട്ടായ്മ
സ്വന്തം ലേഖകന്‍ 13-08-2018 - Monday
സിഡ്നി: ദയാവധവും, പരസഹായത്തോടെയുള്ള ആത്മഹത്യയും അനുവദിക്കുന്ന ബില്‍ ഓസ്ട്രേലിയന്‍ സെനറ്റില്‍ പാസാക്കുവാനുള്ള നീക്കത്തിനെതിരെ കത്തോലിക്ക ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും കൂട്ടായ്മയായ കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയ. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് സെനറ്റര്‍മാരോട് ‘കത്തോലിക്ക് ഹെല്‍ത്ത് ഓസ്ട്രേലിയ’ (CHA) യുടെ സിഇഒ ആയ സൂസന്നെ ഗ്രീന്‍വുഡ് അഭ്യര്‍ത്ഥിച്ചു. ‘ദി പ്രൈവറ്റ് ബില്‍’ എന്നറിയപ്പെടുന്ന ബില്‍ ലിബറല്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ആയ ഡേവിഡ് ലെയോണ്‍ജേമാണ് സെനറ്റില്‍ അവതരിപ്പിച്ചത്. ഓസ്ട്രേലിയന്‍ തലസ്ഥാന മേഖലയിലും, വടക്കന്‍ മേഖലയിലും ദയാവധവും അസിസ്റ്റെഡ് സൂയിസൈഡും നിരോധിക്കുന്ന 20 പഴക്കമുള്ള നിയമത്തെ മറികടക്കുവാനാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ അസിസ്റ്റെഡ് സൂയിസൈഡ് കഴിഞ്ഞവര്‍ഷം തന്നെ നിയമപരമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ സമൂഹത്തില്‍ മുന്‍കൂട്ടി കാണുവാന്‍ കഴിയാത്തവിധമുള്ള പല അപകടങ്ങള്‍ക്കും ബില്‍ കാരണമാകുമെന്ന് കഴിഞ്ഞ ആഴ്ച സെനറ്റര്‍മാര്‍ക്കയച്ച കത്തില്‍ സൂസന്ന വ്യക്തമാക്കി. രാജ്യത്തും, അന്താരാഷ്ട്ര തലത്തിലുള്ള മെഡിക്കല്‍ വിദഗ്ദന്‍മാര്‍ ക്രൂരതയെ പിന്തുണക്കുന്നില്ലെന്ന കാര്യവും എഴുത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹവും ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.