News
കുടുംബം സമൂഹത്തിന്റെ ധാര്‍മ്മിക ശക്തിയാകണമെന്ന് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 26-08-2018 - Sunday
ഡബ്ലിന്‍: കുടുംബം സമൂഹത്തിന്റെ ധാര്‍മ്മിക ശക്തിയാകണമെന്നും ലോകത്തെ സമാധാനദാതാക്കളും, അനുരഞ്ജനത്തിന്‍റെ പ്രയോക്താക്കളും, സഹോദരങ്ങളുടെ കാവല്‍ക്കാരും ആകുന്നതിലുള്ള ധാര്‍മ്മിക ശക്തി കാത്തുസൂക്ഷിക്കാനുള്ള ധൈര്യം നാം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും ആഗോള കുടുംബ സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. കുടുംബങ്ങളെ ഭരമേല്പിച്ചിട്ടുള്ള സകല ഉത്തരവാദിത്ത്വങ്ങളോടും ജീവിത തിരഞ്ഞെടുപ്പുകളോടും വിശ്വസ്തതയോടും സന്തോഷത്തോടുംകൂടെ പ്രതികരിക്കുവാന്‍ സഹായിക്കാന്‍ സഭ ഏറെ കടപ്പെട്ടിരിക്കുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
സഭ യഥാര്‍ത്ഥത്തില്‍ കുടുംബങ്ങളില്‍ ഒരു കുടുംബമാണ്. കുടുംബങ്ങളുടെ സ്നേഹമുള്ള വിശ്വസ്തതയും, ദൈവം ദാനമായി നല്കുന്ന ജീവന്‍റെ എല്ലാഘട്ടത്തിലുമുള്ള രൂപഭാവങ്ങളോടുമുള്ള ആദരവും എവിടെയും എപ്പോഴും കാത്തുപാലിക്കപ്പെടേണ്ടതിനാല്‍ സഭ കുടുംബങ്ങളെ പിന്‍തുണയ്ക്കേണ്ടതുണ്ട്. ആരോഗ്യപൂര്‍ണ്ണമായൊരു സാമൂഹികമണ്ഡലം മെനഞ്ഞെടുക്കുന്ന ശ്രമകരമായ ദൗത്യവും കുടുംബങ്ങളുടേതാകയാല്‍ ഈ മേഖലയില്‍ അവര്‍ക്കൊരു കൈത്താങ്ങാകുവാന്‍ സഭ ബദ്ധശ്രദ്ധയാണ്. ഇന്ന് ത്വരിതഗതിയില്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന സമൂഹത്തിലും കുടുംബജീവിതത്തിലും നേരിടുന്ന വെല്ലുവിളികളും പ്രത്യാഘാതങ്ങളും എല്ലാത്തലത്തിലും സമൂഹത്തെയാണ് ബാധിക്കുന്നത്.
എല്ലാ തലമുറകളും ഉത്തരവാദിത്വത്തോടെ ഓര്‍ത്തു സംരക്ഷിക്കേണ്ട സമ്പന്നമായ ധാര്‍മ്മിക പൈതൃകത്തിന്‍റെയും ആത്മീയ മൂല്യങ്ങളുടെയും സാക്ഷ്യമാകാനുള്ള വലിയ പ്രവാചക ദൗത്യം കുടുംബങ്ങളില്‍ നിക്ഷിപ്തമായരിക്കുന്നതാണ് ഡബ്ളിന്‍ നഗരത്തില്‍ നടക്കുന്ന ആഗോളകുടുംബ സംഗമത്തില്‍ പ്രതിഫലിക്കുന്നത്. അതിനാല്‍ സമൂഹത്തെ ഊട്ടിയുറപ്പിക്കുന്ന ശക്തിയാക്കി ആഗോള കുടുംബങ്ങളെ ഉയര്‍ത്തേണ്ടതുണ്ട്. അതിനാല്‍ കുടുബങ്ങളുടെ ക്ഷേമം അവഗണിക്കാവുന്നതല്ലെന്നു മാത്രമല്ല, ഉചിതമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവയെ വളര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതുമാണ്.
കുടുംബങ്ങളിലാണ് എല്ലാവരും ആദ്യ ചുവടുവയ്പ്പുകള്‍ നടത്തുന്നത്. കൂട്ടായ്മയില്‍ ജീവിക്കാന്‍ പഠിക്കുന്നത് അവിടെത്തന്നെ. നമ്മുടെ സ്വാര്‍ത്ഥതയ്ക്ക് കടിഞ്ഞാണിടാന്‍ പഠിക്കുന്നതും കുടുംബത്തിലാണ്. അഭിപ്രായ ഭിന്നതകള്‍ക്ക് ഐകരൂപ്യം നല്ക്കുന്നതും അവിടെയാണ്. സര്‍വ്വോപരി ജീവിതത്തിന് അര്‍ത്ഥവും സംതൃപ്തിയും വ്യാപ്തിയും നല്കുന്ന മൂല്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതും കുടുംബങ്ങളിലാണ്. പൊതുവായ മാനവികത അംഗീകരിക്കുമ്പോഴാണ് ലോകം ഒരു കുടുംബമായി കാണാന്‍ നമുക്ക് കഴിയുന്നത്. അപ്പോള്‍ പാവങ്ങളും എളിയവരുമായ നമ്മുടെ സഹോദരങ്ങളെയും അംഗീകരിക്കുന്ന ഐക്യം നമ്മില്‍ വളരും.
സമാധാനം ദൈവത്തിന്‍റെ ദാനമാണെന്നാണ് സുവിശേഷം ഉദ്ബോധിപ്പിക്കുന്നത്. സമാധാനം നേടണമെങ്കില്‍ നമ്മില്‍നിന്നും നിരന്തരമായ അനുതാപത്തിന്‍റെ പരിശ്രമങ്ങള്‍ ഉണ്ടാകണം. അങ്ങനെയുള്ള ഒരു ആത്മീയ സ്രോതസ്സില്‍നിന്നു മാത്രമേ ഐക്യവും നീതിയും പൊതുനന്മ ലക്ഷ്യമാക്കിയുള്ള സേവനവും, യഥാര്‍ത്ഥമായ രാഷ്ട്രനിര്‍മ്മിതിയും സാദ്ധ്യമാവുകയുള്ളൂ. ആത്മീയ അടിത്തറയില്ലാതെ, രാഷ്ട്രങ്ങളുടെ 'ആഗോളകുടുംബം' എന്ന ലക്ഷ്യം പൊള്ളയായ ഭോഷത്തമാകും. അയര്‍ലണ്ടിന്‍റെ ക്രിസ്തീയ വെളിച്ചത്തെ കെടുത്താനോ, അതിന് മങ്ങലേല്പിക്കാനോ ഇടയാവാതിരിക്കട്ടെയെന്ന ആശംസയോടെയാണ് പാപ്പ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.