News - 2025
കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയിട്ട് ഇന്നേക്ക് പത്തുവര്‍ഷം
സ്വന്തം ലേഖകന്‍ 25-08-2018 - Saturday
കന്ധമാല്‍: ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടു ഹൈന്ദവ വർഗ്ഗീയവാദികൾ ഒഡീഷയിലെ കന്ധമാലില്‍ നടത്തിയ ക്രൈസ്തവ നരഹത്യയ്ക്കു ഇന്നു പത്തുവര്‍ഷം. 2008 ആഗസ്റ്റ് 25-നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. നക്‌സലുകളെ ക്രൈസ്തവര്‍ സഹായിച്ചിരുന്നതായുള്ള അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തിയത്. നൂറിലധികം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, ദേവാലയങ്ങളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു.
56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കന്യാസ്ത്രീ അടക്കം 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഒഡീഷയിലെ കാണ്ഡമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമായി ആയിരങ്ങളാണ് കലാപത്തിന് ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.
വാര്‍ഷിക ദിനമായ ഇന്നു വിവിധ സഭാദ്ധ്യക്ഷന്‍മാരുടെ കാര്‍മ്മികത്വത്തില്‍ കന്ധമാലില്‍ അനുസ്മരണ ദിവ്യബലി നടക്കും. ബലി മദ്ധ്യേ കന്ധമാല്‍ രക്തസാക്ഷികളെ ഭാരത സഭ ആദരിക്കും. കട്ടക്ക് - ഭുവനേശ്വർ ആർച്ച് ബിഷപ്പ് ജോൺ ബർവ മുഖ്യ നേതൃത്വം വഹിക്കും. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന ദിവ്യബലി, തലസ്ഥാന നഗരിയിലെ സെന്‍റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രതിനിധികളും കന്ധമാല്‍ അനുസ്മരണത്തിൽ പങ്കെടുക്കുന്നുണ്ട്.