News - 2025

ആഗോള കുടുംബ സംഗമത്തിന് പരിസമാപ്തി; ഇനി റോമില്‍

സ്വന്തം ലേഖകന്‍ 27-08-2018 - Monday

ഡബ്ലിന്‍: അയര്‍ലണ്ട് തലസ്ഥാനമായ ഡബ്ലിനില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവന്ന ആഗോള കുടുംബ സംഗമത്തിന് വിജയകരമായ പരിസമാപ്തി. ‘കുടുംബത്തിന്റെ സുവിശേഷം ലോകത്തിനുവേണ്ടിയുള്ള ആനന്ദം’ എന്ന സന്ദേശമുണര്‍ത്തി നടത്തപ്പെട്ട ലോക കുടുംബസംഗമത്തില്‍ 171 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സംഗമത്തിന്റെ സമാപന ദിവസമായ ഇന്നലെ ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയില്‍ രണ്ടുലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്.

ഐറിഷ് പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സും ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ലിയോ വരാദ്കറും ദിവ്യബലിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അടുത്ത ലോക കുടുംബസമ്മേളനം റോമിലാണ് നടക്കുന്നതെന്ന് പാപ്പ പ്രഖ്യാപിച്ചു. ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച പ്രബോധനരേഖയായ ‘സ്‌നേഹത്തിന്റെ സന്തോഷ’ത്തെ ആസ്പദമാക്കി ‘കുടുംബവും വിശ്വാസവും’, ‘കുടുംബവും സ്‌നേഹവും’, ‘കുടുംബവും പ്രത്യാശയും’ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും സാക്ഷ്യങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

കത്തോലിക്ക സഭ അന്താരാഷ്ട്ര കുടുംബവര്‍ഷമായി ആചരിച്ച 1994-ലാണ് ആദ്യമായി ആഗോള കുടുംബസംഗമം നടന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ആഗ്രഹ പ്രകാരം നടന്ന സംഗമത്തിന് റോം ആയിരിന്നു ആതിഥേയത്വമരുളിയത്. തുടര്‍ന്ന് എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും സംഗമം സംഘടിപ്പിക്കുവാന്‍ കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചു. അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലാണ് അവസാനമായി കുടുംബ സംഗമം നടന്നത്.

More Archives >>

Page 1 of 355