News - 2024
സുവിശേഷ പ്രഘോഷകരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഡൊണാൾഡ് ട്രംപ്
സ്വന്തം ലേഖകന്‍ 28-08-2018 - Tuesday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഇവാഞ്ചലിക്കൽ നേതാക്കൻമാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ അറിയപ്പെടുന്ന നൂറോളം സുവിശേഷ പ്രഘോഷകരെയാണ് വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിലേക്ക് ട്രംപ് ക്ഷണിച്ചിരിക്കുന്നത്. ഫെയിത്ത് ആൻഡ് ഫ്രീഡം കൊയാലിഷന്റെ സ്ഥാപകനായ റാൽഫ് റീഡും, ഫസ്റ്റ് ബാപ്റ്റിസ്റ്റ് ഡെല്ലാസ് ചർച്ചിന്റെ പാസ്റ്റർ റൊബേർട്ട് ജെഫ്രസും ക്ഷണം ലഭിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. പ്രസിഡന്റിന്റെ ക്ഷണത്തിനും പ്രോലൈഫ്- ക്രിസ്ത്യന്‍ നിലപാടുകള്‍ക്കും നന്ദി അറിയിച്ച് നിരവധി ഇവാഞ്ചലിക്കല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ട്രംപിനെ പ്രസിഡന്റ് പദവിയിൽ എത്തിച്ചതിൽ ഇവാഞ്ചലിക്കൽ വിശ്വാസികൾ വലിയൊരു പങ്കാണ് വഹിച്ചത്. ഏപ്രില്‍ മാസം നടത്തിയ ഒരു സര്‍വ്വേയില്‍ ഇവാഞ്ചലിക്കൽ വിശ്വാസികളില്‍ 70% പേരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്നവരാണെന്ന് വ്യക്തമായിരിന്നു. അതേസമയം നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇവാഞ്ചലിക്കൽ വിശ്വാസികളുടെ പിന്തുണ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വളരെയധികം പ്രാധാന്യമേറിയതാണ്. കഴിഞ്ഞ ദിവസം റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കായി ഫ്ളോറിഡയിൽ നടന്ന തിരഞ്ഞെടുപ്പു പ്രചാരത്തിനിടെ ഇവാഞ്ചലിക്കൽ വിശ്വാസികളുടെ പിന്തുണയെ പറ്റി ട്രംപ് എടുത്തു പറഞ്ഞിരുന്നു.