News - 2025
വിർച്വൽ റിയാലിറ്റിയില്‍ ജറുസലേം തീർത്ഥാടകർ രണ്ടായിരം വർഷം പിറകിലേക്ക്
സ്വന്തം ലേഖകന്‍ 07-09-2018 - Friday
ജറുസലേം: രണ്ടായിരം വർഷം മുൻപത്തെ ജറുസലേമിലേക്ക്, തീർത്ഥാടകരെ കൂട്ടിക്കൊണ്ട് പോയി വിർച്വൽ റിയാലിറ്റിയുടെ വ്യത്യസ്ത അനുഭവം. 'ടവർ ഒാഫ് ഡേവിഡ് മ്യൂസിയം' അധികൃതരും, റ്റി ഒ ഡി ഇന്നോവേഷൻ ലാബും, ലിത്തോഡോമോസ് വി ആറും സംയുക്തമായി ചേർന്നാണ് ചരിത്രപരമായ പദ്ധതി യാഥാർഥ്യമാക്കിയത്. രണ്ടായിരം വർഷം മുൻപ് ഹേറോദോസ് രാജാവിന്റെ കാലത്ത് ജറുസലേം എങ്ങനെയായിരുന്നോ അപ്രകാരമുളള ദൃശ്യാനുഭവം പഴയ ജെറുസലേം നഗരത്തിലൂടെ നീങ്ങുമ്പോൾ തീർത്ഥാടകർക്ക് വിർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ ലഭ്യമാകും.
ടവർ ഒാഫ് ഡേവിഡ് മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന കിംഗ് ഹെറോദ് ടവറിൽ നിന്നും നോക്കിയാൽ തന്നെ ഇപ്പോഴും ജറുസലേമിന്റെ ഏറ്റവും മികച്ച കാഴ്ച കാണാൻ കഴിയുന്നതെന്നാണ് ടവർ ഒാഫ് ഡേവിഡ് മ്യൂസിയത്തിന്റെ ഡയറക്ടറായ ഏയിലത്ത് ലീബറു പറയുന്നത്. വിർച്വൽ റിയാലിറ്റി വരുന്നതിന് മുൻപ് ഇത്രയും നാൾ സ്വന്തം ഭാവനയിൽ തന്നെ രണ്ടായിരം വർഷത്തെ ജറുസലേം നാം മനസ്സിൽ കാണണമായിരുന്നുവെന്നും ഏയിലത്ത് ലീബറു കൂട്ടിച്ചേർത്തു. ജറുസലേമിലൂടെയുളള രണ്ടര മണിക്കൂർ നേരത്തെ വിർച്വൽ റിയാലിറ്റി സഞ്ചാര വിവരണം ഇംഗ്ലീഷിലും, ഹീബ്രുവിലും ലഭ്യമാണ്.വിർച്വൽ റിയാലിറ്റിയിലൂടെ പണ്ടുകാലത്ത് ജറുസലേമുമായി ബന്ധപ്പെട്ട മതപരവും, വാണിജ്യപരവുമായ കാര്യങ്ങൾ ഇനി എല്ലാവർക്കും കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.