News - 2025
ഗര്‍ഭഛിദ്രം തടയാന്‍ പ്രത്യേക പദ്ധതിയുമായി അര്‍ജന്റീനയിലെ കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 06-09-2018 - Thursday
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം തടയാനും ഗര്‍ഭാവസ്ഥയില്‍ വിഷമതകള്‍ നേരിടുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് കൈത്താങ്ങാകുവാനും പ്രത്യേക സെന്‍ററുമായി കത്തോലിക്ക സഭ. വൈദ്യതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ചേരിപ്രദേശങ്ങളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഗര്‍ഭിണികള്‍ക്കാണ് ആവശ്യമായ കൗണ്‍സലിംഗും, വൈദ്യ സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഹോം ഓഫ് ദി മദര്‍ലി എംബ്രേസ്’ എന്ന് പേരിട്ടിരിക്കുന്ന സെന്‍റര്‍ തുറന്നിരിക്കുന്നത്. ജനിക്കുവാനിരിക്കുന്ന കുട്ടിയുടേയും, മാതാവിന്റേയും ജീവനോടുള്ള സഭയുടെ ഉത്തരവാദിത്വമാണ് ഈ സെന്ററിലൂടെ പ്രകടമാകുന്നതെന്നും അധികൃതര്‍ പ്രതികരിച്ചു.
ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതു മൂലം മാനസിക സമ്മര്‍ദ്ദമനുഭവിക്കുകയും, ഗര്‍ഭഛിദ്രത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് പുറമേ അബോര്‍ഷന് വിധേയരായ സ്ത്രീകള്‍ക്കും സഹായം ലഭ്യമാകും. കേന്ദ്രത്തിലെത്തുന്നവര്‍ക്ക് പോഷകാഹാരങ്ങള്‍, ആരോഗ്യ പരിപാലനം, മെഡിക്കല്‍ പരിശോധനകള്‍, സൈക്കോളജിക്കല്‍ കൗണ്‍സലിംഗ്, നിയമപരമായ സഹായങ്ങള്‍, തുടങ്ങിയവ ഗര്‍ഭാവസ്ഥയിലും പ്രസവത്തിന് ശേഷം ഒരു വര്‍ഷത്തേക്കും ലഭിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങളും, ദത്തെടുക്കലിന് ആവശ്യമായ നിയമസഹായങ്ങളും സെന്റര്‍ വഴി ലഭ്യമാകും.
14 ആഴ്ചവരെ പ്രായമുള്ള ഭ്രൂണങ്ങളെ ആവശ്യപ്രകാരം അബോര്‍ഷന്‍ ചെയ്യുവാന്‍ സാധിക്കുന്നവിധത്തില്‍ നിയമഭേദഗതി വരുത്തുന്നതിനുള്ള നീക്കങ്ങള്‍ നേരത്തെ ശക്തമായ സാഹചര്യത്തിലാണ് വൈദികര്‍ ‘ഹോം ഓഫ് ദി മദര്‍ലി എംബ്രേസ്’ എന്ന ആശയവുമായി മുന്നോട്ട് വന്നത്. എന്നാല്‍ ഈ ബില്‍ സെനറ്റ് തള്ളിക്കളഞ്ഞു. ഭാവിയില്‍ അര്‍ജന്റീനയിലെ വിവിധ പട്ടണങ്ങളില്‍ ഇതുപോലത്തെ കൂടുതല്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി. സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 27-ന് ബ്യൂണസ് അയേഴ്സിലെ സഹായക മെത്രാനായ ഗുസ്താവോ കരാരയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നിരിന്നു.