News - 2025
ദിവ്യകാരുണ്യ കോൺഗ്രസിൽ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം
സ്വന്തം ലേഖകന്‍ 06-09-2018 - Thursday
ലണ്ടന്‍: ലിവര്‍പൂളില്‍ നാളെ മുതല്‍ ആരംഭിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ('അഡോറംസ് 2018') പങ്കെടുക്കുന്നവരോട് ക്രെെസ്തവ വിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കുന്നവർക്കായി പ്രാർത്ഥന ആവശ്യപ്പെട്ട് കത്തോലിക്ക സന്നദ്ധ സംഘടനയായ ഏയിഡ് ടു ദി ചർച്ച് ഇൻ നീഡ്. കൂദാശകൾ നിഷേധിക്കപ്പട്ടിരിക്കുന്ന ക്രെെസ്തവ സമൂഹത്തെ വിശുദ്ധ കുർബാനയിൽ പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുവാനും സംഘടന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
ലിവർപൂളിലെ എക്കോ അരീനയിൽ നടക്കുന്ന പ്രധാന പരിപാടിയിൽ ഏയിഡ് ടു ദി ചർച്ച് ഇൻ നീഡ് അംഗമായ ജോൺ പൊന്തിഫിക്സ് സിറിയയിലും, നെെജീരിയയിലും, ഇറാഖിലും, കണ്ടുമുട്ടിയ ജനങ്ങൾ ദിവ്യകാരുണ്യത്തിലേയ്ക്ക് നോക്കി എപ്രകാരം തങ്ങളുടെ വിദ്വേഷ മനോഭാവം മറികടന്നുവെന്ന് വിവരിക്കും. ദിവ്യകാരുണ്യത്തിന്റെ ശക്തിയെ പറ്റിയും, പ്രാർത്ഥന എങ്ങനെ ലോകത്തെ മാറ്റിമറിക്കും എന്നതിനെ പറ്റിയും നമ്മളെ പഠിപ്പിച്ചിരിക്കുന്നതു പോലെ നാം വിശ്വസിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നാം പീഡനമേൽക്കുന്ന ക്രെെസ്തവര്‍ക്കായി അല്‍പ്പസമയം ദിവ്യകാരുണ്യ ആരാധനയ്ക്കായി മാറ്റി വയ്ക്കുന്നില്ലായെന്ന് സഘടനയിലെ അംഗമായ മേരി ഫാഹി ചോദിച്ചു.
ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവരോട് ഗോ ടു മാസ് ക്യാംപെയിനിൽ( #Go2Mass) പങ്കെടുക്കാനും ദേവാലയത്തിൽ പോകാൻ കഴിയാത്ത പീഡനമേൽക്കുന്ന ക്രെെസ്തവ സമൂഹത്തിനായി ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാനും മേരി ഫാഹി, പൊതുവേദിയില്‍ ആഹ്വാനം ചെയ്യും. സെപ്റ്റംബര്‍ 9 വരെ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന് പ്രത്യേക സ്റ്റാളും ഉണ്ടായിരിക്കും.