News - 2024
തിരുനാളും ഇതര ആഘോഷങ്ങളും ലഘൂകരിച്ച് നിര്‍ധനര്‍ക്ക് നല്‍കുവാന്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്റെ അഭ്യര്‍ത്ഥന
സ്വന്തം ലേഖകന്‍ 07-09-2018 - Friday
മാനന്തവാടി: തിരുനാള്‍ ചിലവുകളും ഇതര ആഘോഷങ്ങളും ലഘൂകരിച്ച് മിച്ചം വക്കുന്ന തുക ഭവനരഹിതര്‍ക്കും ജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും നല്‍കുവാന്‍ അഭ്യര്‍ത്ഥനയുമായി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. വരുന്ന ഞായറാഴ്ച (സെപ്റ്റംബര്‍ 9) എല്ലാ ഇടവകകളിലും വായിക്കുവാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന കര്‍ത്താവിന്‍റെ പ്രബോധനം ജീവിച്ച് കാണിച്ച് കൊടുക്കുന്നതിലും വലിയ വിശ്വാസജീവിതമില്ലായെന്നും ബിഷപ്പ് തന്റെ സര്‍ക്കുലറില്‍ കുറിച്ചു.
അത്യാവശ്യങ്ങള്‍ വരുമ്പോള്‍ ആഡംബരങ്ങളും ചിലപ്പോള്‍ ആവശ്യങ്ങള്‍ തന്നെയും മാറ്റി വയ്ക്കപ്പെടും എന്നത് ഒരു സാമാന്യതത്വം മാത്രമാണ്. അത് അതിജീവനത്തിന്‍റെ ബാലപാഠവുമാണ്. ഈ പ്രളയകാലത്ത് അത് നാം കണ്ടുകഴിഞ്ഞു. നമുക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ ധാരാളമുണ്ട് എന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ തിരുനാളുകളോട് അനുബന്ധിച്ചുള്ള പണം മുടക്കുള്ള ആഘോഷങ്ങള്‍ അത്തരത്തിലുള്ളവയാണ് എന്ന് പറയാം. അങ്ങനെയെങ്കില്‍ അക്കാര്യത്തില്‍ ഒരു ചിലവ് ചുരുക്കല്‍ ചിന്തിക്കാവുന്നതാണ് എന്ന് തോന്നുന്നു. നിങ്ങള്‍ സഹകരിക്കും എന്നെനിക്ക് ഉത്തമ ബോധ്യമുണ്ട്. ഇക്കാര്യം പൊതുവായി എല്ലാവരേയും അറിയിക്കുന്നത് നന്നായിരിക്കും എന്ന് പലരും എന്നോട് പറയുകയുണ്ടായി. അതനുസരിച്ചാണ് ഈ കത്ത് ഞാനെഴുതുന്നത്.
തിരുനാളിനോടനുബന്ധിച്ചുള്ള വാര്‍ഷികങ്ങളും കലാപരിപാടികളും വര്‍ണ്ണശബളമായ പ്രദക്ഷിണങ്ങളും ഒഴിവാക്കുന്നത് നല്ലതായിരിക്കും. വളരെയേറെ സാന്പത്തിക ചിലവുവരുന്നതും അന്തരീക്ഷം മലിനമാക്കുന്നതുമായ വെടിക്കെട്ടുകളുടെ കാര്യവും അങ്ങനെതന്നെ. ഇപ്രകാരം ഈ വര്‍ഷത്തെ തിരുനാളുകളോടനുബന്ധിച്ചുളള പണച്ചെലവുകള്‍ നിയന്ത്രിച്ച് മിച്ചം വരുന്ന തുക നമ്മുടെ രൂപതയിലെ ഭവനരഹിതര്‍ക്കും ജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും കൊടുക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു സാക്ഷ്യമായിരിക്കും എന്നത് സുനിശ്ചിതമാണ്.
തിരുനാളുകള്‍ മാത്രമല്ല സന്ന്യസ്തഭവനങ്ങളിലും, കുടുംബങ്ങളിലും, വ്യക്തിജീവിതങ്ങളിലും മറ്റും ഉണ്ടാകാവുന്ന ആഘോഷങ്ങളുടെ കാര്യത്തിലും ഇതേ ആശയം പ്രാവര്‍ത്തികമാക്കുന്നത് നല്ലതായിരിക്കും എന്ന് ഞാന്‍ കരുതുന്നു. അതിനായി ഏവരേയും ക്ഷണിക്കുന്നു. നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന കര്‍ത്താവിന്‍റെ പ്രബോധനം നമ്മള്‍ ജീവിച്ച് കാണിച്ച് കൊടുക്കുന്നതിലും വലിയ വിശ്വാസജീവിതമില്ലല്ലോ. വിശ്വാസികള്‍ നല്കിയ സഹകരണത്തിനും നന്ദി അര്‍പ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ സര്‍ക്കുലര്‍ അവസാനിക്കുന്നത്.
സര്‍ക്കുലറിന്റെ പൂര്‍ണ്ണ രൂപം.
കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെട്ടവരേ,
2018 ഓഗസ്റ്റ് മാസത്തില്‍ കേരളം അനുഭവിച്ച പ്രളയദുരിതം അടുത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ളതായിരുന്നല്ലോ. അതിന്‍റെ ഞെട്ടലില്‍ നിന്ന് ഇതുവരെ നമ്മള്‍ പുറത്തുകടന്നിട്ടില്ല. ഇപ്പോഴും പലരും ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്പില്‍ ഉത്തരം കിട്ടാതെ പകച്ച് നില്‍ക്കുകയാണ്. ജീവിതത്തില്‍ സന്പാദിച്ചതെല്ലാം ഒറ്റ നിമിഷംകൊണ്ട് നഷ്ടപ്പെട്ടവര്‍ ധാരാളമുണ്ട്.
മാനന്തവാടി രൂപതാതിര്‍ത്തിയില്‍പ്പെട്ട പ്രദേശങ്ങളിലും ദുരിതം ഒട്ടും കുറവായിരുന്നില്ല. എങ്കിലും നമ്മുടെ ആവശ്യനേരത്ത് സഹായഹസ്തവുമായി ഓടിയെത്തിയവര്‍ നിരവധിയായിരുന്നു. അക്കൂട്ടത്തില്‍ സ്വദേശത്തും വിദേശത്തും ഉള്ളവര്‍ ഉണ്ടായിരുന്നു. എവിടെയൊക്കെ മലയാളി ഉണ്ടോ അവിടെ നിന്നെല്ലാം ആരും ആവശ്യപ്പെടാതെതന്നെ ടണ്‍ കണക്കിന് അവശ്യവസ്തുക്കളുമായി നമ്മുടെ സഹോദരങ്ങള്‍ ഓടിയെത്തി.
അവരോടെല്ലാം നമുക്ക് നന്ദിയുള്ളവരായിരിക്കാം. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. ഇനിയും ഇത്തരം പ്രതിഭാസങ്ങളില്‍ നിന്ന് നമ്മളെയും അവരേയും രക്ഷിക്കണമേയെന്ന് പരമകാരുണികനായ ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ജാതിക്കും മതത്തിനും ദേശത്തിനും എല്ലാം അതീതമായി നമ്മള്‍ ഒന്നിച്ച സമയമായിരുന്നു പ്രളയത്തിന്‍റേത്. മതിലുകളെല്ലാം വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുവീണു. പണ്ഡിതനും പാമരനും സന്പന്നനും ദരിദ്രനും എല്ലാം ഒരുപോലെ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു. ഒരിക്കലും നമുക്ക് ഉപകാരപ്പെടില്ല എന്ന് കരുതപ്പെട്ടവര്‍ ദൈവദൂതന്മാരെപ്പോലെയായ കാഴ്ചയും നമ്മള്‍ കണ്ടു. ഈ ഒരുമയും കൂട്ടായ്മയും പരസ്പര സഹായസന്നദ്ധതയും എന്നുമുണ്ടാകട്ടെയെന്ന് നമുക്ക് ആശംസിക്കാം.
വിവാദങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും വിടകൊടുത്ത് എല്ലാ കാര്യത്തിന്‍റെയും നല്ല വശം കാണാന്‍ കഴിയുന്പോള്‍ നന്മ കവിഞ്ഞൊഴുകും എന്ന് അനുഭവം നമ്മെ പഠിപ്പിച്ചു. ആ പാഠം നമുക്കൊരു ശീലമാക്കാം. മഴ നിന്നെങ്കിലും ദുരിതത്തിലൂടെ കടന്നുപോയവരുടെ അത്യാവശ്യങ്ങള്‍പോലും ഇതുവരെ പൂര്‍ണ്ണമായി നിര്‍വ്വഹിക്കപ്പെട്ടിട്ടില്ല എന്ന് നമുക്കറിയാം. പലര്‍ക്കും കയറിക്കിടക്കാന്‍ ഉറപ്പുള്ള വീടില്ല. ഉള്ള വീട് വാസയോഗ്യവുമല്ല. ചിലര്‍ക്കാകട്ടെ വീട് പോയില്ലെങ്കിലും മണ്ണ് നിരങ്ങി നീങ്ങിയതുകൊണ്ട് ഉള്ള വീട്ടിലേക്ക് തിരികെ ചെല്ലാന്‍ ഭയമാണ്, അല്ലെങ്കില്‍ അത് അപകടമാണ്. പലരുടെയും കൃഷിയും കൃഷിസ്ഥലം തന്നെയും നഷ്ടമായി. അവര്‍ക്കൊരു ജീവനമാര്‍ഗ്ഗം കണ്ടെത്തണമെങ്കില്‍ വളരെ സമയമെടുക്കും. അങ്ങനെയുള്ളവര്‍ക്ക് ഇനിയും നമ്മുടെ സഹായം അത്യാവശ്യമാണ്.
അത്യാവശ്യങ്ങള്‍ വരുമ്പോള്‍ ആഡംബരങ്ങളും ചിലപ്പോള്‍ ആവശ്യങ്ങള്‍ തന്നെയും മാറ്റി വയ്ക്കപ്പെടും എന്നത് ഒരു സാമാന്യതത്വം മാത്രമാണ്. അത് അതിജീവനത്തിന്‍റെ ബാലപാഠവുമാണ്. ഈ പ്രളയകാലത്ത് അത് നാം കണ്ടുകഴിഞ്ഞു. നമുക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ ധാരാളമുണ്ട് എന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ തിരുനാളുകളോട് അനുബന്ധിച്ചുള്ള പണം മുടക്കുള്ള ആഘോഷങ്ങള്‍ അത്തരത്തിലുള്ളവയാണ് എന്ന് പറയാം. അങ്ങനെയെങ്കില്‍ അക്കാര്യത്തില്‍ ഒരു ചിലവ് ചുരുക്കല്‍ ചിന്തിക്കാവുന്നതാണ് എന്ന് തോന്നുന്നു. നിങ്ങള്‍ സഹകരിക്കും എന്നെനിക്ക് ഉത്തമ ബോധ്യമുണ്ട്. ഇക്കാര്യം പൊതുവായി എല്ലാവരേയും അറിയിക്കുന്നത് നന്നായിരിക്കും എന്ന് പലരും എന്നോട് പറയുകയുണ്ടായി. അതനുസരിച്ചാണ് ഈ കത്ത് ഞാനെഴുതുന്നത്.
തിരുനാളിനോടനുബന്ധിച്ചുള്ള വാര്‍ഷികങ്ങളും കലാപരിപാടികളും വര്‍ണ്ണശബളമായ പ്രദക്ഷിണങ്ങളും ഒഴിവാക്കുന്നത് നല്ലതായിരിക്കും. വളരെയേറെ സാന്പത്തിക ചിലവുവരുന്നതും അന്തരീക്ഷം മലിനമാക്കുന്നതുമായ വെടിക്കെട്ടുകളുടെ കാര്യവും അങ്ങനെതന്നെ. ഇപ്രകാരം ഈ വര്‍ഷത്തെ തിരുനാളുകളോടനുബന്ധിച്ചുളള പണച്ചെലവുകള്‍ നിയന്ത്രിച്ച് മിച്ചം വരുന്ന തുക നമ്മുടെ രൂപതയിലെ ഭവനരഹിതര്‍ക്കും ജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്കും കൊടുക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു സാക്ഷ്യമായിരിക്കും എന്നത് സുനിശ്ചിതമാണ്. തിരുനാളുകള്‍ മാത്രമല്ല സന്ന്യസ്തഭവനങ്ങളിലും, കുടുംബങ്ങളിലും, വ്യക്തിജീവിതങ്ങളിലും മറ്റും ഉണ്ടാകാവുന്ന ആഘോഷങ്ങളുടെ കാര്യത്തിലും ഇതേ ആശയം പ്രാവര്‍ത്തികമാക്കുന്നത് നല്ലതായിരിക്കും എന്ന് ഞാന്‍ കരുതുന്നു. അതിനായി ഏവരേയും ക്ഷണിക്കുന്നു. നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന കര്‍ത്താവിന്‍റെ പ്രബോധനം നമ്മള്‍ ജീവിച്ച് കാണിച്ച് കൊടുക്കുന്നതിലും വലിയ വിശ്വാസജീവിതമില്ലല്ലോ.
ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ സഹകരണത്തിനും ഹൃദയപൂര്‍വ്വം നന്ദി പറയുകയും തുടര്‍ന്നും അപ്രകാരം പ്രതീക്ഷിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കുകയും ചെയ്യട്ടെ.
മാനന്തവാടി രൂപതാകാര്യാലയത്തില്‍ നിന്നും 2018 സെപ്റ്റംബര്‍ മാസം 6 -ന് നല്കപ്പെട്ടത്.
ബിഷപ് ജോസ് പൊരുന്നേടം, മാനന്തവാടി രൂപതയുടെ മെത്രാന്‍