News - 2024
പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യം: പാരമ്പര്യ പ്രബോധനങ്ങളെ ഉയര്‍ത്തിപ്പിടിച്ച് കര്‍ദ്ദിനാള്‍ സ്കോള
സ്വന്തം ലേഖകന്‍ 08-09-2018 - Saturday
മിലാന്‍: വിശുദ്ധ കുര്‍ബാന സ്വീകരണത്തെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ പാരമ്പര്യ പ്രബോധനങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇറ്റലിയിലെ മിലാന്‍ രൂപതയുടെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചെലോ സ്കോള രംഗത്ത്. ഇറ്റാലിയന്‍ വാര്‍ത്താ മാഗസിനായ എല്‍’എസ്പ്രസ്സോക്ക് നല്‍കിയ അഭിമുഖത്തിലാണ് 2013-ലെ പാപ്പാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ച കര്‍ദ്ദിനാള്‍ സ്കോള, സഭ നിഷ്കര്‍ഷിക്കും വിധത്തിലുള്ള വിശുദ്ധിയില്‍ കഴിയാത്തിടത്തോളം കാലം വിവാഹമോചനം നേടിയവരും, പുനര്‍ വിവാഹിതരും വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ പാടില്ലായെന്ന നിലപാട് ഉയര്‍ത്തിയത്.
“വിവാഹവും, ദിവ്യകാരുണ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവന്നതാണ് നിലവിലെ പ്രശ്നത്തിന്റെ കാതലായ വശം. യേശുവും സഭയും തമ്മിലുള്ള ദാമ്പത്യ സ്നേഹമാണ് ദിവ്യകാരുണ്യം. വിശുദ്ധ കുര്‍ബാന തന്നെയാണ് വിവാഹത്തിന്റെ അടിസ്ഥാനവും. അതിനാല്‍ വിവാഹ ബന്ധത്തെ ഉപേക്ഷിക്കുന്നവര്‍ ദിവ്യകാരുണ്യത്തില്‍ നിന്നും സ്വയം അകലുകയാണ് ചെയ്യുന്നത്. വിവാഹമോചനം നേടിയവര്‍ക്കും പുനര്‍വിവാഹിതര്‍ക്കും നല്‍കിയിരിക്കുന്ന ഒരു ശിക്ഷയല്ലിതെന്നും മറിച്ച് വിവാഹത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു സവിശേഷതയാണിതെന്നും കര്‍ദ്ദിനാള്‍ സ്കോള വിവരിച്ചു. കുടുംബത്തെക്കുറിച്ചുള്ള 2014-15 ലെ സിനഡിനു ശേഷമാണ് വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച സഭയില്‍ ശക്തമായത്.
കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പറിനേപ്പോലെയുള്ളവര്‍ പുതിയ പങ്കാളിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും നിഷ്കര്‍ഷിക്കപ്പെട്ട അനുതാപ പ്രക്രിയയിലൂടെ കടന്നു പോയാല്‍ പുനര്‍വിവാഹിതര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണം എന്ന് വാദിച്ചപ്പോള്‍, മറ്റ് ചില മെത്രാന്‍മാര്‍ അതിനെ എതിര്‍ത്തു. ഇതു സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീക ലേഖനമായ അമോരിസ് ലെത്തീസ്യായിലെ ചില പരാമര്‍ശങ്ങളും ചര്‍ച്ചക്ക് വഴിതെളിയിച്ചിരിന്നു. 1981-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ‘ഫാമിലിയാരിസ് കോണ്‍സോര്‍ഷ്യോ’ എന്ന ശ്ലൈഹീക ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് കര്‍ദ്ദിനാള്‍ സ്കോളയുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്. തന്റെ അഭിപ്രായം കര്‍ദ്ദിനാള്‍ സ്കോള ഫ്രാന്‍സിസ് പാപ്പായോടും തുറന്നു പറഞ്ഞിട്ടുണ്ട്.