News - 2024

ഇംഗ്ലണ്ടിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഇനി ധൈര്യമായി പ്രതിഷേധിക്കാം

സ്വന്തം ലേഖകന്‍ 14-09-2018 - Friday

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എല്ലാ അബോര്‍ഷന്‍ ക്ലിനിക്കുകളുടേയും പരിസരങ്ങള്‍ പ്രതിഷേധ വിമുക്ത മേഖലയായ ‘ബഫര്‍ സോണു’കളാക്കി മാറ്റണമെന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞതായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവിദ്‌ പ്രഖ്യാപിച്ചു. പ്രോലൈഫ് അനുകൂലികളുടെ പ്രതിഷേധങ്ങളില്‍ ഭൂരിഭാഗവും സമാധാനപരമാണെന്ന് കണ്ടതിനാലാണ് ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞതെന്ന് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു.

പ്രോലൈഫ് പ്രവര്‍ത്തകരുടെ അബോര്‍ഷനെതിരെയുള്ള പ്രതിഷേധങ്ങളില്‍ ഭൂരിഭാഗവും ക്ലിനിക്കുകളുടെ മുന്നിലുള്ള പ്രാര്‍ത്ഥന, ബാനറുകള്‍ പ്രദര്‍ശിപ്പിക്കുക, ലഘുലേഖകള്‍ വിതരണം ചെയ്യുക പോലെയുള്ള സമാധാനപരമായ പ്രതിഷേധ രീതികളാണെന്ന് വ്യക്തമായതായി ഹോം സെക്രട്ടറി പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ അപമാനിക്കപ്പെടുന്നത് തടയുവാനായി പബ്ലിക് ഓര്‍ഡര്‍ ആക്റ്റ് 1986, പ്രൊട്ടക്ഷന്‍ ഫ്രം ഹറാസ്മെന്റ് ആക്റ്റ് 1997 പോലെയുള്ള നിയമങ്ങള്‍ ഉള്ളസ്ഥിതിക്ക് ഇത്തരത്തിലുള്ള അപമാനങ്ങള്‍ തടയുവാന്‍ മറ്റൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും ഹോം സെക്രട്ടറിയുടെ പ്രഖ്യാപനത്തിലുണ്ട്.

ഇതിനു പുറമേ, കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 363 അബോര്‍ഷന്‍ ക്ലിനിക്കുകള്‍ ഉള്ളതില്‍ വെറും 36 ക്ലിനിക്കുകളുടെ മുന്നില്‍ മാത്രമാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതെന്നും ജാവിദ്‌ ചൂണ്ടിക്കാട്ടി. അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ വെച്ച് പ്രോലൈഫ് സഹായം ലഭിച്ചിട്ടുള്ളവരും, ബഫര്‍ സോണുകളെ എതിര്‍ക്കുന്നവരുമായ ഒരു കൂട്ടം അമ്മമാരുടെ ‘ബി ഹിയര്‍ ഫോര്‍ മി’ എന്ന സംഘടനയും ഇതര പ്രോലൈഫ് പ്രവര്‍ത്തകരും ഹോം സെക്രട്ടറിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. വളരെ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കപ്പെട്ട ഒരു തീരുമാനമാണിതെന്നാണ് ‘ബി ഹിയര്‍ ഫോര്‍ മി’ സംഘടനയുടെ ഔദ്യോഗിക വക്താവായ എലിസബത്ത് ഹോവാര്‍ഡ്‌ പറഞ്ഞത്.

ലണ്ടന്റെ പടിഞ്ഞാറു ഭാഗത്തുള്ള അബോര്‍ഷന്‍ ക്ലിനിക്കിന്റെ പരിസരം ബഫര്‍ സോണായി പ്രഖ്യാപിച്ചു കൊണ്ട് ഈലിംഗ് കൗണ്‍സില്‍ ഉത്തരവിറക്കിയിരുന്നു. പ്രോലൈഫ് പ്രവര്‍ത്തകരായ രണ്ട് വനിതകള്‍ ഈലിംഗ് കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് ഹോം സെക്രട്ടറിയുടെ തീരുമാനം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പ്രോലൈഫ് പ്രവര്‍ത്തകരുടെ വിജയമായിട്ടാണ് ഹോം സെക്രട്ടറിയുടെ പ്രഖ്യാപനത്തെ പൊതുവില്‍ പരിഗണിച്ചു വരുന്നത്.

More Archives >>

Page 1 of 363