News - 2024

ഏഷ്യയിലെ ആദ്യ രക്തസാക്ഷി തീർത്ഥാടന കേന്ദ്രം ദക്ഷിണ കൊറിയയിൽ

സ്വന്തം ലേഖകന്‍ 17-09-2018 - Monday

സിയോൾ: ദക്ഷിണ കൊറിയയിലെ ക്രിസ്ത്യന്‍ രക്തസാക്ഷികളുടെ സ്മാരകങ്ങള്‍ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ സിയോളിനെ ഔദ്യോഗിക അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായി വത്തിക്കാന്‍ അംഗീകരിച്ചു. സെപ്റ്റംബര്‍ 14-ന് സിയോളിൽ നടന്ന ഔദ്യോഗിക അംഗീകാര ചടങ്ങില്‍ കൊറിയന്‍ സഭ നിലവില്‍ വരുത്തുന്നതിനായി വിയര്‍പ്പും രക്തവുമൊഴുക്കിയ നൂറുകണക്കിന് രക്തസാക്ഷികളെ ആദരിക്കുകയുണ്ടായി. ഇതോടെ ഏഷ്യയിലെ ആദ്യത്തെ രക്തസാക്ഷിത്വ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമെന്ന പദവി സിയോളിനു ലഭിച്ചു.

44 വിശുദ്ധരും, 27-ഓളം വാഴ്ത്തപ്പെട്ടവരും കൊലചെയ്യപ്പെട്ടതിന്റെ ചരിത്രമുറങ്ങുന്ന സിയോസോമുന്‍ പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങുകള്‍ക്ക് പ്രൊമോഷന്‍ ഓഫ് ദി ന്യൂ ഇവാഞ്ചലൈസേഷന്റെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായ ആർച്ചുബിഷപ്പ് റിനോ ഫിസിച്ചെല്ലാ നേതൃത്വം നല്‍കി. സുവിശേഷവത്കരണത്തിനായി കത്തോലിക്കാ സഭ നടത്തിയ കഠിന പ്രയത്നങ്ങളെ വെളിപ്പെടുത്തുന്ന ഒരു സവിശേഷ നിമിഷമാണ് ഇതെന്നാണ് അംഗീകാരത്തെക്കുറിച്ച് ഫിസിച്ചെല്ലാ മെത്രാപ്പോലീത്ത പറഞ്ഞത്.

വിശ്വാസത്തിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നൂറുകണക്കിന് രക്തസാക്ഷികളുടെ വിയര്‍പ്പും രക്തവുമാണ് കൊറിയന്‍ സഭയുടെ അടിസ്ഥാനമെന്നും, തീര്‍ത്ഥാടകര്‍ ഇതിനോടകം തന്നെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞതിനാല്‍ ഈ അംഗീകാരം കൊറിയന്‍ ജനതയേ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും ചടങ്ങില്‍ സന്നിഹിതനായിരുന്ന സിയോള്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ ഇയോം സൂജുങ്ങ് പറഞ്ഞു.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കത്തോലിക്കര്‍ക്ക് മാത്രമല്ല, കൊറിയന്‍ മേഖലയിലെ മുഴുവന്‍ ജനതയുടേയും പൈതൃകമാണെന്നും കര്‍ദ്ദിനാള്‍ സൂജുങ്ങ് പറഞ്ഞു. തീര്‍ത്ഥാടനത്തിലൂടെ ഏഷ്യയിലെ കത്തോലിക്കര്‍ പരസ്പര ബന്ധം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആശംസിച്ചു. രാജ്യത്ത് വരുന്ന സന്ദര്‍ശകര്‍ക്ക് സാംസ്കാരികമായ കൈമാറ്റങ്ങള്‍ക്ക് അവസരം നല്‍കുന്ന ഒരു പുതിയ അനുഭവമായിരിക്കും ഈ തീര്‍ത്ഥാടനമെന്നാണ് സിയോള്‍ ടൂറിസം വകുപ്പിലെ ഹ്യുണ്‍ ഇല്‍-കിം അഭിപ്രായപ്പെട്ടത്.

200 വര്‍ഷത്തെ കൊറിയന്‍ സഭാചരിത്രവുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകങ്ങളിലേക്ക് 2013 മുതല്‍ സിയോള്‍ അതിരൂപത തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 10 മുതല്‍ സംഘടിപ്പിച്ചു വരുന്ന തീര്‍ത്ഥാടക വാരാഘോഷത്തില്‍ 13 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഭാ പിതാക്കള്‍ പങ്കെടുത്തിരുന്നു.

More Archives >>

Page 1 of 364