News - 2024
ക്രിസ്തീയ വ്യക്തിത്വം വീണ്ടെടുത്തില്ലെങ്കില്‍ യൂറോപ്പ് തകരും: മുന്നറിയിപ്പുമായി ഹംഗേറിയന്‍ നേതാവ്
സ്വന്തം ലേഖകന്‍ 18-09-2018 - Tuesday
ഡബ്ലിന്‍: ക്രിസ്തീയ വ്യക്തിത്വം തിരിച്ചുപിടിച്ചില്ലെങ്കില്‍ നിലവിലെ അഭയാര്‍ത്ഥി പ്രശ്നത്തില്‍ യൂറോപ്പ് തകര്‍ന്നടിയുമെന്ന് ഹംഗറി നാഷ്ണല്‍ അസ്സംബ്ളി അംഗമായ മാര്‍ട്ടോണ്‍ ഗ്യോംങ്ങ്യോസിയുടെ മുന്നറിയിപ്പ്. ക്രൈസ്തവ വിശ്വാസമാണ് യൂറോപ്പിന്റെ പ്രബുദ്ധതയുടേയും, സംസ്കാരത്തിന്റേയും കേന്ദ്രബിന്ദുവെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങളെക്കുറിച്ച് അയര്‍ലണ്ടിലെ ഡബ്ലിനില്‍ വെച്ച് നടന്ന 'ലൂമെന്‍ ഫിഡേയിസ്' കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രം തന്നെയാണ് യൂറോപ്പിന്റെ ചരിത്രമെന്ന് തനിക്ക് ഉറപ്പിച്ച് പറയുവാന്‍ സാധിക്കുമെന്നു കഴിഞ്ഞ 4 വര്‍ഷമായി ഹംഗറി നാഷ്ണല്‍ അസംബ്ലിയുടെ ഫോറിന്‍ കമ്മിറ്റി വൈസ് ചെയര്‍മാനായ ഗ്യോംങ്ങ്യോസി തുറന്നു പറഞ്ഞു.
ആഗോള ക്രൈസ്തവ സമൂഹത്തെ സൂചിപ്പിക്കുന്ന ‘റെസ് പബ്ലിക്കാ ക്രിസ്റ്റ്യാന’ എന്ന ലാറ്റിന്‍ വാക്യം പ്രധാനമായും വിവക്ഷിക്കുന്നത് യൂറോപ്പിന്റെ സംസ്കാരത്തെയാണ്. യൂറോപ്പ് നേരിടുന്ന അഭയാര്‍ത്ഥി പ്രശ്നം തെറ്റായ വിദേശനയത്തിന്റെ പരിണത ഫലമാണ്. ഇസ്ലാമല്ല ശരിക്കും യൂറോപ്പിന്റെ ഭീഷണി. യൂറോപ്പിന്റെ ആത്മീയ ചൈതന്യമായ ക്രൈസ്തവ വിശ്വാസത്തെ പാര്‍ശ്വവല്‍ക്കരിച്ച യൂറോപ്യന്‍ നേതാക്കളാണ് യൂറോപ്പിന്റെ യഥാര്‍ത്ഥ ഭീഷണി. ഇന്ന് യൂറോപ്പ് നേരിടുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണമായി ഇസ്ലാമിക അഭയാര്‍ത്ഥി പ്രവാഹത്തെയാണ് ഗ്യോംങ്ങ്യോസി ചൂണ്ടിക്കാട്ടുന്നതെങ്കിലും, ഇക്കാര്യത്തില്‍ യൂറോപ്യന്‍ നേതാക്കള്‍ക്കുള്ള വീഴ്ചയാണ് ഏറ്റവും കൂടുതല്‍ അദ്ദേഹം ഉദ്ധരിക്കുന്നത്.
സ്വന്തം മതത്തിന്റെ സവിശേഷതകളേയും, സാംസ്കാരിക പൈതൃകത്തേയും മനസ്സിലാക്കുവാനോ അംഗീകരിക്കുവാനോ കഴിയാത്ത രാഷ്ട്രീയ നേതാക്കളുടേയും, മതനേതാക്കളുടേയും ആത്മഹത്യാപരമായ തീരുമാനങ്ങളാണ് യൂറോപ്പിനെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. യൂറോപ്പിന്റെ വ്യക്തിത്വത്തെ സംബന്ധിക്കുന്ന ചില പ്രശ്നങ്ങള്‍ പുറത്തായത് അഭയാര്‍ത്ഥി പ്രശ്നം കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍ കരഘോഷത്തോടെയാണ് ഗ്യോംങ്ങ്യോസിയുടെ വാക്കുകള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്.
2016-ലാണ് 41 കാരനായ ഗ്യോംങ്ങ്യോസി ഹംഗറിയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ജോബ്ബിക് പാര്‍ട്ടിയില്‍ അംഗമാകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാര്‍ട്ടിയില്‍ ശ്രദ്ധേയ മുദ്ര പതിപ്പിക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. ഗ്യോംങ്ങ്യോസിക്ക് പുറമേ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്, ഫാ. തോമസ് വെയ്നാന്‍ഡി, ഡോ. റോബര്‍ട്ട് റോയല്‍, ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍ തുടങ്ങിയ പ്രമുഖരും കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി.