News - 2024

ബ്രിട്ടീഷ് മെത്രാന്മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 01-10-2018 - Monday

വത്തിക്കാന്‍ സിറ്റി: ഇംഗ്ലണ്ടില്‍ നിന്നുള്ള കത്തോലിക്കാ മെത്രാന്മാര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ബ്രിട്ടീഷ് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് വെസ്റ്റ് മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ നേതൃത്വത്തിലെത്തിയ 36 പേര്‍ അടങ്ങുന്ന സംഘം വത്തിക്കാനിലെ കാര്യാലയങ്ങള്‍ സന്ദര്‍ശിച്ച് കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു. സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ ആയിരുന്നു 'അഡ് ലിമിന' സന്ദര്‍ശനം നടന്നത്. സംഘത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ഉണ്ടായിരിന്നു. അദ്ദേഹത്തിന്റെ പ്രഥമ 'അഡ് ലിമിന' സന്ദര്‍ശനമാണ് ഇത്.

സുവിശേഷ പ്രബോധനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും മെത്രാന്മാരുടെ ജീവിതത്തില്‍ ഒന്നാംസ്ഥാനം ഉണ്ടായിരിക്കണമെന്നും വൈദികരോടും വിശ്വാസികളോടുമൊപ്പം ആയിരിക്കുവാന്‍ മെത്രാന്‍മാര്‍ക്കു സാധിക്കണമെന്നും കൂടിക്കാഴ്ചയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. 2013 മാര്‍ച്ച് മുതല്‍ മാര്‍പാപ്പ എന്ന നിലയില്‍ ജീവിതത്തിലും ശുശ്രൂഷയിലും സഭയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരുദിവസം പോലും തന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള സഭാതലവനുമായി കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ 5 വര്‍ഷംകൂടുമ്പോഴുള്ള ഔദ്യോഗിക കൂടിക്കാഴ്ചയായ 'അഡ് ലിമിന' പ്രകാരമാണ് മെത്രാന്‍മാര്‍ പാപ്പയെ കാണാന്‍ എത്തിയത്. പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പ, തന്‍റെ ഭരണത്തിന്‍ കീഴിലുള്ള മെത്രാന്മാരുമായി നിശ്ചിത സമയപരിധിയില്‍ കൂടിക്കാഴ്ച നടത്തുകയും അതാത് രൂപതകളുടെഅഥവാ സഭാ പ്രവിശ്യകളുടെ ഭരണക്രമങ്ങളെക്കുറിച്ചും വിവിധ മേഖലകളിലുള്ള അജപാലന ശുശ്രൂഷയുടെ കാര്യക്ഷമതയെക്കുറിച്ചും ആരായുകയും അന്വേഷിക്കുകയും ചെയ്യുന്ന അവസരത്തെയാണ് 'അഡ് ലിമിന' എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്.

1909-ല്‍ 'അഡ് ലിമിന' ഡിക്രിയിലൂടെയാണ് പത്താം പിയൂസ് പാപ്പ മെത്രാന്മാരുടെ സന്ദര്‍ശനം അഞ്ചു വര്‍ഷംകൂടുമ്പോള്‍ ഒരിക്കല്‍ എന്ന് നിജപ്പെടുത്തിയത്. പ്രത്യേക കാരണങ്ങളാല്‍ മെത്രാനു റോമിലെത്തുവാന്‍ സാധിക്കാതെ വരികയാണെങ്കില്‍, അതാതു തൂപതയുടെ വികാരി ജനറല്‍ വഴിയോ, പ്രതിനിധിയായി മെത്രാന്‍ നിയോഗിക്കുന്ന ഒരു വൈദികന്‍ വഴിയോ അഡ് ലിമിനാ സന്ദര്‍ശനം നടത്താവുന്നതാണെന്ന് ഡിക്രി വ്യക്തമാക്കുന്നു.

More Archives >>

Page 1 of 369