News - 2024

സത്യവിരുദ്ധമായ മാധ്യമവേട്ടയില്‍ കടുത്ത വേദനയുണ്ടെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 02-10-2018 - Tuesday

ന്യൂഡല്‍ഹി: ജലന്ധര്‍ വിഷയത്തില്‍ സിവില്‍ അന്വേഷണം നടക്കുന്നതിനാലാണു സഭ പ്രസ്താവന നല്‍കാതിരുന്നതെന്നും ബിഷപ്പിനെതിരായ പരാതി മൂടിവയ്ക്കാനാണു സഭാധികാരികള്‍ ശ്രമിച്ചതെന്ന തരത്തില്‍ നടക്കുന്ന സത്യവിരുദ്ധമായ മാധ്യമവേട്ടയില്‍ കടുത്ത വേദനയുണ്ടെന്നും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). മെത്രാന്മാരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന കാര്യങ്ങളില്‍ ശരിയായ മാര്‍ഗത്തിലൂടെ നയിക്കുന്നതിനു ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന സിബിസിഐയുടെ 134ാമത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍, സമീപകാലത്ത് സഭയിലുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തതായി സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്നലെ പ്രസ്താവനയില്‍ കുറിച്ചു.

ജലന്ധര്‍ കേസ് മൂടി വയ്ക്കാനാണു സഭ ശ്രമിച്ചതെന്ന തരത്തിലുള്ള പ്രചാരണം സത്യത്തിനു നിരക്കാത്തതാണ്. അതീവ ഗൗരവത്തോടെയാണ് സങ്കീര്‍ണമായ ഈ കാര്യം സഭ പഠിച്ചത്. ഇപ്പോഴും പഠിക്കുന്നുമുണ്ട്. സിവില്‍ അധികാരികള്‍ അന്വേഷണം നടത്തുന്നതിനാലാണു സഭ ഏതെങ്കിലും പ്രസ്താവന നടത്താതിരുന്നത്. ഇത്തരം വിഷയങ്ങള്‍ക്ക് വിവേകപൂര്‍വമായ സമീപനവും സമയവും ആവശ്യവുമാണ്. രാജ്യത്തെ ജുഡീഷല്‍ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ആവര്‍ത്തിക്കുന്നു.

സഭയ്ക്കും സഭയിലെ ഐക്യത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്നും സത്യം കണ്ടെത്താനും നീതി നടപ്പാക്കാനും ആത്മീയമായ മുറിവുകള്‍ സുഖപ്പെടുന്നതിനും ബന്ധപ്പെട്ടവരുടെ വേദനകള്‍ അകറ്റുന്നതിനും വേണ്ടി തങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും സിബിസിഐ ഇന്നലെ പുറത്തിറക്കിയ കുറിപ്പില്‍ രേഖപ്പെടുത്തി.

More Archives >>

Page 1 of 369