News - 2025
പാപ്പയുടെ സന്ദർശനം: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 03-02-2019 - Sunday
അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം പ്രമാണിച്ച് യുഎഇ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ്, ദുബായിലെയും ഷാർജയിലെയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ദിവസം അവധി പ്രഖ്യാപിച്ചു. ഇതുകൂടാതെ ചൊവ്വാഴ്ച ദിവസം എല്ലാ എമിറേറ്റ്സുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് ട്വിറ്റർ പേജിലൂടെ പ്രഖ്യാപനം നടത്തി. തിരഞ്ഞെടുക്കപ്പെട്ട ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവരുടെ അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് അവധി പ്രഖ്യാപിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ ട്വീറ്റുകൾ പുറത്തുവന്നതിന് പിന്നാലെ, യുഎഇയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന യുഎഇ സർക്കാരിന്റെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റിയും ഫെബ്രുവരി അഞ്ചാം തീയതി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി നാലാം തീയതി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണോ എന്നറിയാൻ അതതു സ്ഥാപനങ്ങളെ കുട്ടികളും, മാതാപിതാക്കളും ബന്ധപ്പെടാനാണ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം. നേരത്തെ പാപ്പയുടെ അപ്പസ്തോലിക സന്ദർശനം പ്രമാണിച്ചു ദിവ്യബലിയിൽ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭരണകൂടം അവധി പ്രഖ്യാപിച്ചിരിന്നു.