News
ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: മരണം 138; നാനൂറോളം പേർക്കു പരിക്ക്
സ്വന്തം ലേഖകന്‍ 21-04-2019 - Sunday
കൊളംബോ: ഈസ്റ്റർ ശുശ്രൂഷകള്‍ക്കിടെ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 138 ആയെന്ന്‍ പുതിയ റിപ്പോര്‍ട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ നാനൂറോളം പേർക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്ഫോടനമുണ്ടായത്. രാവിലെ 8.45ന് ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടെയാണ് കൊളംബോയിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്.
പിന്നീട് നെഗോബ്മ്പോ സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലും സ്ഫോടനം നടന്നു. പിന്നാലെ ബാട്ടിക്കലോവയിലെ സിയോൺ ദേവാലയത്തിലും ആക്രമണം നടന്നു. അക്രമികളെ സംബന്ധിച്ചു പോലീസ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണമായതിനാല്‍ ഭീകര ആക്രമണമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.