India - 2025
അസാധാരണ മിഷന്‍ മാസത്തിന് കേരള സഭയിലും ഒരുക്കങ്ങള്‍
സ്വന്തം ലേഖകന്‍ 09-05-2019 - Thursday
കൊച്ചി: വരുന്ന ഒക്ടോബര്‍ മാസം കത്തോലിക്കാസഭയില്‍ അസാധാരണ മിഷന്‍ മാസമായി മാര്‍പാപ്പ പ്രഖ്യാപിച്ച സാഹചര്യത്തില്‍, കേരള സഭയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മിഷന്‍ മാസാചരണം സംബന്ധിച്ചു മാര്‍പാപ്പയുടെ പ്രബോധനരേഖയുടെ മലയാള പരിഭാഷ തയാറാക്കിവരികയാണെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിനെക്കുറിച്ചുള്ള ചിന്തകളാണു രേഖയുടെ ഉള്ളടക്കം.
മിഷന്‍ മാസാചരണം സഭയുടെ പ്രേഷിത കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും നവീനമായ ഉണര്‍വ് ആഹ്വാനം ചെയ്യുന്നതാണ്. ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പയുടെ മാക്‌സിമം ഇല്യൂഡ് എന്ന പ്രബോധന രേഖയുടെ ശതാബ്ദിയുടെ പശ്ചാത്തലത്തിലാണ് അസാധാരണ മിഷന്‍ മാസാചരണത്തിന് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മാമ്മോദീസയിലൂടെ അയയ്ക്കപ്പെട്ടവര്‍ എന്നതാണ് അസാധാരണ മിഷന്‍ മാസാചരണത്തിന്റെ പ്രമേയം.
കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ അസാധാരണ മിഷന്‍ മാസാചരണം സംബന്ധിച്ച പഠനശില്പശാല ഇന്നലെ പിഒസിയില്‍ നടത്തി. റവ.ഡോ. സൈമണ്‍ എലുവത്തിങ്കല്‍ വിഷയാവതരണം നടത്തി. ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, റവ.ഡോ വര്‍ഗീസ് വള്ളിക്കാട്ട്, റവ.ഡോ. ജി. കുരുക്കൂര്‍, ഫാ. പോള്‍ മാടശേരി, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.