India - 2025
ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെ ആദരിക്കാന്‍ ആലപ്പുഴ പൗരാവലി
സ്വന്തം ലേഖകന്‍ 10-05-2019 - Friday
ആലപ്പുഴ: പൗരോഹിത്യത്തിന്റെ 50ാം വര്‍ഷവും, 75ാം വയസിന്റെ നിറവിലും എത്തിയ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെ ആദരിക്കാന്‍ ആലപ്പുഴ പൗരാവലി. ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ചെയര്‍മാനായ സംഘാടക സമിതിയാണ് സ്വീകരണത്തിന് നേതൃത്വം നല്‍കുന്നത്. വ്യത്യസ്ത സമുദായങ്ങളും വിവിധ ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ആലപ്പുഴയില്‍ മനുഷ്യസ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും ദീപശിഖ തെളിയിച്ച പുണ്യപുരുഷനാണ് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ ബിഷപ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് ജനറല്‍ കണ്‍വീനര്‍ പി. ജ്യോതിസ് പറഞ്ഞു. 18 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ പ്രകൃതിക്ഷോഭങ്ങളായ സുനാമി, പ്രളയം, തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ ആലപ്പുഴയില്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സഹായ, സേവന പ്രവര്‍ത്തനങ്ങള്‍ സ്മരണീയമാണെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി. ജ്യോതിമോള്‍ പറഞ്ഞു.
11ന് വൈകുന്നേരം ആറിന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ചേരുന്ന സ്വീകരണസമ്മേളനത്തില്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പി. തിലോത്തമന്‍, കെ.സി. വേണുഗോപാല്‍ എംപി, ആലപ്പുഴ രൂപത സഹായമെത്രാന്‍ ഡോ. ജയിംസ് ആനാപറന്പില്‍, സിപിഎം ജില്ല സെക്രട്ടറി ആര്‍. നാസര്‍, ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. ലിജു, സിപിഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, മുസ്‌ലിംലീഗ് ജില്ലാ അധ്യക്ഷന്‍ എ.എം. നസീര്‍, ബിജെപി ജില്ല പ്രസിഡന്റ് കെ. സോമന്‍, എ.എ. ഷുക്കൂര്‍, പി.പി. ചിത്തരഞ്ജന്‍, കെ.എന്‍. ജാഫര്‍ സിദ്ധിഖി, പ്രഫ. ഏബ്രഹാം അറയ്ക്കല്‍, പ്രേമാനന്ദന്‍ എന്നിവരെ കൂടാതെ സാമുദായിക, സാംസ്‌കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.