India - 2025

'സഭയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ മഴയ്ക്കു മുന്‍പുള്ള കാര്‍മേഘം പോലെ'

സ്വന്തം ലേഖകന്‍ 13-05-2019 - Monday

കാഞ്ഞിരപ്പള്ളി: സഭയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ മഴയ്ക്കു മുന്‍പുള്ള കാര്‍മേഘം പോലെയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നസ്രാണി യുവശക്തി മഹാറാലിയോടനുബന്ധിച്ചു നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍മേഘം ക്ഷണിക നേരത്തേക്കു മാത്രമേ കാണുകയുള്ളുവെന്നും അതിനു ശേഷം അതു പെയ്‌തൊഴിയുമെന്നും സഭയ്‌ക്കെതിരേ അപസ്വരങ്ങള്‍ ഉണ്ടായാല്‍ അതിനെയെല്ലാം തരണം ചെയ്യാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

കര്‍ത്താവിന്റെ ദൗത്യത്തില്‍ യുവജനങ്ങള്‍ ആരും മടിച്ചു നില്‍ക്കുകയോ വിമുഖരായി നില്‍ക്കുകയോ ചെയ്യരുത്. കര്‍ത്താവിനോടു ചേര്‍ന്ന് ഈ ദൗത്യം ഇന്നത്തെ ലോകത്തില്‍ നിര്‍വഹിക്കപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവജനറാലിയില്‍ പ്രതിഫലിച്ച ആവേശം സഭയെ വളര്‍ത്താനും സഭയോടൊത്തു പ്രവര്‍ത്തിക്കാനും ഉണ്ടാവണം. ഈ യുവജനം സീറോ മലബാര്‍ സഭ മുഴുവന്റെയും ഭാരതത്തിന്റെയും ലോകത്തിന്റെയും സഭയുടെ ശക്തിയാണ്. യുവജനങ്ങള്‍ നമ്മുടെ കര്‍ത്താവിന്റെ ദൗത്യം ഈ ലോകത്തില്‍ പ്രകാശിപ്പിക്കണമെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ എസ്എംവൈഎം രൂപത പ്രസിഡന്റ് ജോമോന്‍ പൊടിപാറ അധ്യക്ഷതവഹിച്ചു. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കി. രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ സ്വാഗതവും കൗണ്‍സിലര്‍ റോസ്‌ബെല്ലാ വര്‍ഗീസ് നന്ദിയും പറഞ്ഞു. ജീസസ് യൂത്തിന്റെ ക്രോസ് ടോക് ബാന്‍ഡ് സംഗീതവിരുന്നും ഇതോടനുബന്ധിച്ചു നടന്നു. സംഗമത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍നിന്നാരംഭിച്ച റാലിയില്‍ ആയിരക്കണക്കിനു യുവതീയുവാക്കളാണ് അണിചേര്‍ന്നത്.

More Archives >>

Page 1 of 243