News - 2024
മാലിയിലെ ക്രൈസ്തവ കൂട്ടക്കൊല നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രസിഡന്‍റും കര്‍ദ്ദിനാളും
സ്വന്തം ലേഖകന്‍ 18-06-2019 - Tuesday
വത്തിക്കാന്‍ സിറ്റി/ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഡോഗോണ്‍ വംശജരായ ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ച സൊബാനെ ഡാ ഗ്രാമം സന്ദര്‍ശിച്ച് പ്രസിഡന്റായ ഇബ്രാഹിം ബൗബാക്കാര്‍ കെയിറ്റ. ബമാകോ അതിരൂപതയുടെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ജീന്‍ സെര്‍ബോയുടെ ഒപ്പമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ജൂണ്‍ 9 രാത്രിയിലാണ് മാലിയെ നടുക്കിയ കൂട്ടക്കൊല നടന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ സൊബാനെ ഡായിലെ 24 കുട്ടികളടക്കം 35 പേരാണ് അക്രമികളാല്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. തീവ്ര ഇസ്ളാമിക നിലപാടുള്ള ഗോത്ര സംഘടനയായ ഫുലാനികളോ പിയൂലുകളോ ആണ് ആക്രമണം നടത്തിയത്. ഇവരില്‍ ആരെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമില്ല.
സന്ദര്‍ശനത്തിനിടക്ക് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മാലി പ്രസിഡന്റ് പ്രസ്താവിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമപരമല്ലാതെ ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നവരുടെ ആയുധങ്ങള്‍ തിരിച്ചുവാങ്ങിക്കുമെന്നും ആയുധങ്ങള്‍ ഹാജരാക്കാത്തവരെ നിയപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നൂറ്റമ്പതോളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനു ശേഷവും പ്രസിഡന്‍റ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയെങ്കിലും നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ഫുലാനികളും, പിയൂലുകളും കൃഷിക്കാരായ ബംബാര, ഡോഗോണ്‍ എന്നീ ഗോത്രക്കാരെ ആക്രമിക്കുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ്.
പ്രദേശത്ത് ഏറെയും ഉള്ളതു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനിടെ അമാഡോ കൗഫായുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക സംഘടനയുടെ ഭീഷണികള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശക്തമായിരിക്കുകയായിരുന്നെന്ന് പ്രാദേശിക നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. വംശീയമായ പകവീട്ടലുകളില്‍ ഈ വര്‍ഷം തന്നെ നൂറുകണക്കിന് പേരാണ് മരണം വരിച്ചത്. ഇതിനിടെ അല്‍ക്വയിദ, ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 95%വും ഇസ്ലാം മതസ്ഥരാണ്. കേവലം 2% മാത്രമാണ് ക്രൈസ്തവര്‍.