India - 2025
കോപ്റ്റിക് കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ കേരളത്തില്‍
സ്വന്തം ലേഖകന്‍ 14-07-2019 - Sunday
തിരുവനന്തപുരം: ദൈവദാസന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് മുഖ്യാതിഥിയായി പങ്കെടുക്കുന്ന കോപ്റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ഇബ്രാഹിം ഇസാക്ക് സദ്രാക്ക് ബാവാ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കുവേണ്ടി ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് പാത്രിയാര്‍ക്കീസിനെ സ്വീകരിച്ചു. ഇന്നു വൈകുന്നേരം നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തിലും അപ്പസ്‌തോലിക ആശീര്‍വാദത്തിലും പാത്രിയാര്‍ക്കീസ് പങ്കെടുക്കും. നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന സമൂഹബലിയില്‍ പാത്രിയാര്‍ക്കിസ് ബാവ വചന സന്ദേശം നല്‍കും.
ഈ വര്‍ഷം 111 കേന്ദ്രങ്ങളില്‍ നിന്നാണ് കബറിടത്തിലേക്ക് പദയാത്ര ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച പദയാത്രാ സംഘങ്ങള്‍ ഇന്നു വൈകുന്നേരം അഞ്ചോടെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലുള്ള കബറിടത്തില്‍ എത്തിച്ചേരും. റാന്നി പെരുന്നാട്ടില്‍ നിന്നാരംഭിച്ച പ്രധാനപദയാത്രാ സംഘവും തിരുവല്ല, മാവേലിക്കര, മൂവാറ്റുപുഴ, മാര്‍ത്താണ്ഡം, പാറശാല, ഗുഡ്ഗാവ്, പൂനഖഡ്കി എന്നീ ഭദ്രാസന കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച മറ്റുപദയാത്രകളും പ്രധാന പദയാത്രാസംഘത്തോടൊപ്പം കബറില്‍ പ്രവേശിക്കും.