India - 2025
'സഭയെ തകര്‍ക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'
സ്വന്തം ലേഖകന്‍ 15-07-2019 - Monday
കൊല്ലം: സഭയെ തകര്‍ക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോട് യോജിക്കാന്‍ കഴിയില്ലായെന്നും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. കെആര്‍എല്‍സിസിയുടെ മുപ്പത്തിനാലാമത് ജനറല്‍ അസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. കലാലയത്തിനകത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ അതിപ്രസരം കാരണം ലക്ഷ്യം പ്രാപിക്കാന്‍ എന്തുമാകാമെന്നൊരു പ്രവണത വിദ്യാര്‍ഥിസമൂഹത്തില്‍ വളര്‍ന്നു വരുന്നതായും അദ്ദേഹം പറഞ്ഞു.
ഭയന്നു കഴിയേണ്ട അവസ്ഥയാണിന്നുള്ളത്. മക്കളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് മാതാപിതാക്കള്‍ നിന്നില്ലെങ്കില്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന പ്രവണത എങ്ങനെയോ വിദ്യാര്‍ഥികള്‍ക്കിടയില്‍ കടന്നു കയറിയിരിക്കുന്നു. അതുകൊണ്ട് മാതാപിതാക്കള്‍ അറച്ചുനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ആര്‍ക്കും സ്വാധീനിക്കാനും എന്തും ചെയ്യിക്കാനുമുള്ള അവസ്ഥാവിശേഷം സംജാതമായിട്ടുണ്ട്. വിദ്യാര്‍ഥികളെ വിദ്യാര്‍ഥികളായി കരുതി വേണ്ടത്ര അച്ചടക്കത്തോടെ അവരെ നേരായ രീതിയില്‍ പരിശീലിപ്പിക്കുന്ന സംവിധാനം രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
സഭയെ തകര്‍ക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളോട് യോജിക്കാന്‍ കഴിയില്ല. തീരദേശത്തെ പ്രശ്‌നങ്ങള്‍ക്ക് സ്ഥായിയായ രീതിയില്‍ പരിഹാരം കാണുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. എല്ലിന്‍ കഷണങ്ങളിട്ട് പ്രീതിപ്പെടുത്തുന്ന അവസ്ഥയാണ് ഇന്നുള്ളത്. പോലീസിന്റെ മൂന്നാംമുറ അംഗീകരിക്കാന്‍ കഴിയില്ല. ഇത് സേനയ്ക്കാകെ മാനക്കേടാണ്. അതിനെ അപലപിക്കാതിരിക്കുവാന്‍ കഴിയില്ലായെയെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി, ഷാജി ജോര്‍ജ്, റവ.ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍, ആന്റണി ആല്‍ബര്‍ട്ട്, സ്മിതാ ബിജോയ്, ആന്റണി നെറോണ, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ.സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരയ്ക്കല്‍, ഡെലിന്‍ ഡേവിഡ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.