News - 2025
ബൈബിള്‍ ലഭ്യതയില്‍ ആശങ്ക പങ്കുവെച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ
സ്വന്തം ലേഖകന്‍ 23-07-2019 - Tuesday
മോസ്കോ: അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാരയുദ്ധം അമേരിക്ക ഉള്‍പ്പെടെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ ബൈബിള്‍ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും, ബൈബിളിന്റെ വില വര്‍ദ്ധനവിന് കാരണമാകുമെന്നും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധികാരികളുടെ മുന്നറിയിപ്പ്. കടലാസ് ഉള്‍പ്പെടെയുള്ള മുപ്പതിനായിരം കോടി ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25% വര്‍ദ്ധിപ്പിക്കുവാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധികാരികള്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്ന ഇറക്കുമതി തീരുവ വര്‍ദ്ധനവ് ചൈനീസ് സമ്പത്ത് വ്യവസ്ഥയെകൂടാതെ പ്രേഷിത ദൗത്യങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യൻ മെത്രാപ്പോലീത്തയും മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാനുമായ ഹിലാരിയോണ്‍ ആല്‍ഫയേവ് പറഞ്ഞു. ട്രംപിന്റെ നടപടി ക്രിസ്ത്യന്‍ പ്രേഷിത ദൗത്യങ്ങളേയും, വിദ്യാഭ്യാസത്തേയും സാരമായി ബാധിക്കുമെന്നും, ബൈബിളിന്റെ വില വര്‍ദ്ധനവിനും കാരണമാകുമെന്ന് അദ്ദേഹം 'എയര്‍ ചര്‍ച്ച്'ന് നല്‍കിയ അഭിമുഖത്തിലും, റോസ്സിയ-24TV ചാനലിലെ പരിപാടിയിലുമായി തുറന്ന്‍ പ്രസ്താവിച്ചു.
ബൈബിള്‍ അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന കമ്പനികളും ഇതേ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ചൈന ഒരു നിരീശ്വരരാഷ്ട്രമാണെങ്കിലും ലോകത്തെ മൊത്തം ബൈബിള്‍ നിര്‍മ്മാണത്തിന്റെ നല്ലൊരു ശതമാനവും ചൈനയിലാണ് നടക്കുന്നത്. അവിടെ അച്ചടിക്കുന്ന ബൈബിളുകള്‍ അമേരിക്കയിലേക്കും മറ്റ് ഇംഗ്ലീഷ് സംസാര ഭാഷയായുള്ള രാഷ്ട്രങ്ങളിലേക്കും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. ഹിലാരിയോണ്‍ മെത്രാപ്പോലീത്ത വിവരിച്ചു.
ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ അച്ചടിയിലെ നൂതന സാങ്കേതികത അമേരിക്കയില്‍ നിന്നും ചൈനയിലേക്ക് കുടിയേറിയതിനാല്‍ കട്ടികുറഞ്ഞ കടലാസിലുള്ള ബൈബിള്‍ അച്ചടിയുടെ ചിലവിന്റെ ഭൂരിഭാഗവും ചൈനയിലേക്കാണ് പോകുന്നതെന്ന് അമേരിക്കയിലെ പ്രസാധകരും ട്രംപ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ പ്രസാധക കമ്പനികളില്‍ ഒന്നായ ഹാര്‍പ്പര്‍ കോളിന്‍സിന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഏതാണ്ട് 2 കോടിയോളം ബൈബിളുകളാണ് അമേരിക്കയില്‍ വിറ്റഴിക്കപ്പെടുന്നത്.