News - 2025
സ്പാനിഷ് കര്‍ദ്ദിനാള്‍ ഏസ്തെപ്പ ദിവംഗതനായി
സ്വന്തം ലേഖകന്‍ 24-07-2019 - Wednesday
മാഡ്രിഡ്: സ്പെയിനിലെ സായുധസേനയുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള വിഭാഗത്തിന്‍റെ അധ്യക്ഷനായ സ്പെയിനിലെ കര്‍ദ്ദിനാള്‍ ജൊസേ മനുവേല്‍ ഏസ്തെപ്പ അന്തരിച്ചു. 93 വയസ്സായിരിന്നു. സ്പെയിനിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ സൈനിക കത്തീഡ്രലില്‍ മൃതസംസ്കാരം നടന്നു. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സീസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. 1926 ജനുവരി ഒന്നിന് സ്പെയിനിലെ ഹയേന്‍ രൂപതയില്‍പ്പെട്ട അന്തൂഹാറില്‍ ആയിരുന്നു കര്‍ദ്ദിനാള്‍ ജൊസേ മനുവേലിന്‍റെ ജനനം. 1954 ജൂണ്‍ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മാഡ്രിഡ് അതിരൂപതയില്‍ സേവനമനുഷ്ഠിച്ചു വരികെയാണ് മെത്രാന്‍ ദൌത്യം ലഭിക്കുന്നത്.
1972 ഒക്ടോബര്‍ 15-ന് മെത്രാനായി അഭിഷിക്തനായി. 1983 ജൂലൈ 30-ന് ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെടുകയും ഇതിന് പിന്നാലെ പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. 2010 നവംബര്‍ 20നാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കര്‍ദ്ദിനാളിന്റെ മരണത്തോടെ കത്തോലിക്കാസഭയിലെ കര്‍ദ്ദിനാളന്മാരുടെ സംഘത്തിലെ അംഗസംഖ്യ 218 ആയി കുറഞ്ഞു. ഇവരില്‍ 98 പേര്‍ 80 വയസ്സു പൂര്‍ത്തിയായവരും കോണ്‍ക്ലേവില്‍ സമ്മതിദാനാവാകശം ഇല്ലാത്തവരാണ്. വോട്ടവകാശം ഉള്ളവരുടെ എണ്ണം 120 ആണ്.