കുടുംബത്തില്‍ മുത്തശ്ശീമുത്തശ്ശന്മാര്‍ക്കുള്ള പ്രാധാന്യം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍
28-07-2019 - Sunday
വത്തിക്കാന്‍ സിറ്റി: കുടുംബത്തില്‍ മുത്തശ്ശീമുത്തശ്ശന്മാര്‍ക്കുള്ള പ്രാധാന്യം ആവര്‍ത്തിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ലഘു സന്ദേശം. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതാപിതാക്കളും യേശുവിന്‍റെ മുത്തശ്ശിയും മുത്തശ്ശനുമായ വിശുദ്ധരായ അന്നയുടെയും ജൊവാക്കിമിന്‍റെയും തിരുന്നാള്‍ ആചരിക്കപ്പെട്ട വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ കുടുംബത്തിന്റെയും സമൂഹത്തിന്‍റെയും ദൈനംദിന ജീവിതത്തില്‍ അപ്പൂപ്പനമ്മൂമ്മാരുടെ സ്ഥാനം എന്താണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.
“വിശുദ്ധരായ അന്നയുടെയും ജൊവാക്കിമിന്‍റെയും തിരുന്നാള്‍ ആയ ഇന്ന് അനേകം നാടുകളില്‍ മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനമായി ആചരിക്കപ്പെടുന്നു. കുടുംബജീവിതത്തിനും ഓരോ വ്യക്തിക്കും ഒരോ സമൂഹത്തിനും അത്യന്താപേക്ഷിതമായ മാനവികയുടെയും വിശ്വാസത്തിന്‍റെയും പൈതൃകം സംവേദനം ചെയ്യുന്നതില്‍ മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രാധാന്യം എത്രമാത്രമാണ്!” പാപ്പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇപ്രകാരമായിരിന്നു. 62 ലക്ഷത്തിലധികം ആളുകളാണ് പാപ്പയുടെ 'ഫ്രാന്‍സിസ്കസ്' എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് ഫോളോ ചെയ്യുന്നത്.