News - 2025
നൈജീരിയായില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 03-08-2019 - Saturday
എനുഗു, നൈജീരിയ: നൈജീരിയയിലെ എനുഗു രൂപതയിലെ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി ദാരുണമായി കൊല്ലപ്പെട്ടു. എനുഗു സംസ്ഥാനത്തിലെ ഒക്പാടു സ്വദേശിയും ഉഗ്ബാവ്കായിലെ സെന്റ് ജെയിംസ് ഇടവക വികാരിയുമായ ഫാ. പോള്‍ ഒഫുവാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. അവ്ഗു പ്രാദേശിക സര്‍ക്കാര്‍ പരിധിയില്‍ വരുന്ന ഇഹെ-അഗ്ബുഡു റോഡില്‍ വെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 1 വ്യാഴാഴ്ച സന്ധ്യക്കാണ് വൈദികന്‍ കൊല്ലപ്പെട്ടതെന്ന് എനുഗു രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
മുസ്ലീം ഗോത്രവര്‍ഗ്ഗമായ ഫുലാനികളാണ് കൊലക്ക് പിന്നിലെന്നു കരുതപ്പെടുന്നു. ഇക്കഴിഞ്ഞ ആഴ്ച കിഴക്കന്‍ ന്‍ഗാനു പ്രാദേശിക സര്‍ക്കാര്‍ പരിധിയിലുള്ള നൂമേ-നെന്‍വേ റോഡില്‍വെച്ചു നൂമേ സെന്റ് പാട്രിക്ക് കത്തോലിക്കാ ദേവാലയ വികാരിയായ റവ. ഫാ. ഇക്കെച്ചുക്വു ഇലോ എന്ന വൈദികനു വെടിയേറ്റിരിന്നു. അദ്ദേഹം ഇപ്പൊഴും ചികിത്സയിലാണ്.
ഇതേ രൂപതയിലെ തന്നെ സെന്റ് മാര്‍ക്ക് കത്തോലിക്ക ദേവാലയത്തിലെ ഫാ. ക്ലമന്റ് ഉഗ്വു കൊലചെയ്യപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. മറ്റൊരു വൈദികന്റെ ജീവന്‍ കൂടി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് വിശ്വാസികള്‍. മാര്‍ച്ച് 20-ന് തട്ടിക്കൊണ്ടുപോയ ഫാ. ക്ലമന്റിന്റെ മൃതദേഹം ഒരാഴ്ചക്ക് ശേഷം ഇടവകാംഗങ്ങള്‍ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനികളും കൃഷിക്കാരും തമ്മിലുള്ള ആക്രമണങ്ങള്‍ നൈജീരിയയില്‍ വലിയ പ്രശ്നത്തിലേക്കാണ് നയിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നൈജീരിയയുടെ ഐക്യത്തേയും സമാധാനാന്തരീക്ഷത്തേയും ബാധിക്കുമെന്നതിനാല്‍ സംയമനം പാലിക്കണമെന്നു സോകൊട്ടോയിലെ മെത്രാനായ മാത്യു ഹസ്സന്‍ കുക്കാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്ക് ഫുലാനികളുടെ അക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ നൈജീരിയന്‍ പ്രസിഡന്റ് ഒലൂസെഗുന്‍ നിലവിലെ പ്രസിഡന്റ് മുഹമ്മദു ബുഹാരിക്ക് തുറന്ന കത്ത് അയച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ തടയുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ റുവാണ്ടയിലേതുപോലുള്ള വംശഹത്യക്ക് നൈജീരിയ സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് കത്തിലുള്ളത്.