News - 2025
മരിയൻ അത്ഭുതത്തിന്റെ സ്മരണയില്‍ റോസാപ്പൂ ഇതളുകൾ വര്‍ഷിച്ച് റോമന്‍ ബസിലിക്ക
സ്വന്തം ലേഖകന്‍ 06-08-2019 - Tuesday
റോം: നാലാം നൂറ്റാണ്ടിൽ നടന്ന മരിയൻ അത്ഭുതത്തിന്റെ ഓർമ്മ ദിവസം വെള്ള റോസാപ്പൂ ഇതളുകൾ വര്‍ഷിക്കപ്പെട്ട് റോമിലെ ബസിലിക്ക. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലായിരുന്നു ഈ മനോഹര കാഴ്ച. എഡി 358ൽ നടന്ന ഒരു അത്ഭുത മഞ്ഞു വീഴ്ചയിൽ നിന്നും പ്രചോദനം സ്വീകരിച്ചാണ് നാലാം നൂറ്റാണ്ടിൽ സെന്റ് മേരി മേജർ ബസലിക്ക പണിയുന്നത്. ആഗസ്റ്റിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പരിശുദ്ധ കന്യകാമറിയം സ്വപ്നത്തിൽ, അന്ന് മാർപാപ്പയായിരുന്ന ലൈബീരിയസിനും ജോൺ എന്ന മറ്റൊരാൾക്കും പ്രത്യക്ഷപ്പെട്ട് സന്ദേശം നല്‍കിയെന്നാണ് പാരമ്പര്യം. മഞ്ഞുവീഴ്ചയുണ്ടാവുന്ന സ്ഥലത്ത് തനിക്കുവേണ്ടി ഒരു ദേവാലയം നിർമ്മിക്കാനും പരിശുദ്ധ കന്യാമറിയം ആവശ്യപ്പെട്ടു.
എഡി 432നും, 440നുമിടയിൽ സിക്സ്റ്റസ് മൂന്നാമൻ മാർപാപ്പയാണ് ദേവാലയം നിർമ്മിക്കുന്നത്. 431ൽ നടന്ന എഫേസൂസ് സുനഹദോസിൽ മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചതിനുശേഷമായിരുന്നു ദേവാലയ നിർമ്മാണത്തിന്റെ ആരംഭം. അത്ഭുത മഞ്ഞു വീഴ്ചയുടെ 1661ാം വാർഷിക ആഘോഷ ദിനമായ ഇന്നലെ ഇതിന്റെ സ്മരണയെന്നോണം റോസ പൂവിതളുകള്‍ ദേവാലയത്തിനുള്ളില്‍ വര്‍ഷിക്കുകയായിരിന്നു. ബസിലിക്കയുടെ ഇപ്പോഴത്തെ പ്രധാന പുരോഹിതനായ ഫാ. സ്റ്റാനിസ്ലോ റിൽകോ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നല്‍കി.
ക്രിസ്തു തന്റെ അമ്മയെ, ഇതാ നിന്റെ അമ്മ എന്ന് യോഹന്നാനോടു പറഞ്ഞതുപോലെ നമ്മൾ ഓരോരുത്തർക്കുമായി തരുകയാണെന്നും നമ്മുടെ ജീവിതത്തിലേക്കും, നമ്മുടെ ഭവനങ്ങളിലേക്കും, നമ്മളുടെ ആനന്ദത്തിലേക്കും, നമ്മുടെ പ്രശ്നങ്ങളിലേക്കും യോഹന്നാനെ പോലെ പരിശുദ്ധ അമ്മയെ ക്ഷണിക്കാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റോമിലെ നാലു മേജർ ബസിലിക്കകളില്‍ പാരമ്പര്യ തനിമ നിലനിര്‍ത്തുന്ന ദേവാലയമാണ് സെന്റ് മേരി മേജർ ബസലിക്ക.