News - 2025
വിശ്വാസം നഷ്ടപ്പെട്ട യൂറോപ്പിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് കര്‍ദ്ദിനാള്‍ ബസ്സേത്തി
സ്വന്തം ലേഖകന്‍ 07-08-2019 - Wednesday
റോം: ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു അകന്നുപ്പോയ യൂറോപ്പിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഇറ്റലിയുടെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിറോ ബസ്സേത്തി. ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍, വിശ്വാസം ക്ഷയിച്ച് ദൈവത്തെ നഷ്ടമാകുന്നൊരു സമൂഹമെന്നാണ് യൂറോപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സാങ്കേതിക വളര്‍ച്ചകൊണ്ടും ജീവിത സുഖസൗകര്യങ്ങള്‍കൊണ്ടും നിലനിന്ന പുറംമോടി, സമൂഹത്തിന്‍റെയും സഭയുടെയും ആന്തരിക പാപ്പരത്തത്തെ മൂടിമറച്ചിരിക്കുകയാണെന്ന്‍ അദ്ദേഹം തുറന്ന്‍ പറഞ്ഞു.
2008-ല്‍ ആഗോളവ്യാപകമായും, യൂറോപ്പില്‍ പ്രത്യേകിച്ചും ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പാശ്ചാത്യസമൂഹത്തിന്‍റെ സാമൂഹിക, മാനസിക അവസ്ഥയെയും വ്യക്തിത്വത്തെയും തകര്‍ത്തിട്ടുണ്ട്. സാമൂഹ്യഘടന ദുര്‍ബലമായതിനെ തുടര്‍ന്ന് സമൂഹം അതിവേഗം മതനിരപേക്ഷമായ ഒരു ജീവിതശൈലിയിലേയ്ക്കു വീഴുവാന്‍ കാരണമായി തീരുകയായിരിന്നു. മതനിരപേക്ഷത ഉപഭോഗസംസ്കാരത്തില്‍ അധിഷ്ഠിതമാകയാല്‍ സമൂഹം ധാര്‍മ്മികമായി അധഃപതിക്കുമ്പോഴും ബാഹ്യമായ തിളക്കവും പ്രൗഢിയുമായാണ് അത് നിലകൊണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘദൃഷ്ടിയുള്ള വിവേകത്തോടെ സഭ ഉണര്‍ന്നു പ്രവൃത്തിക്കേണ്ടത് സമൂഹത്തിന്‍റെതന്നെ ധാര്‍മ്മികത നിലനിര്‍ത്താനും, ആഗോളതലത്തില്‍ നീതിയുടെയും സമാധാനത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താനും അനിവാര്യമാണ്. യൂറോപ്പില്‍ സംഭവിച്ച ആത്മീയജീര്‍ണ്ണത മനുഷ്യ മനസ്സുകളില്‍നിന്നും ദൈവത്തിന്‍റെ പ്രതിച്ഛായ മങ്ങിപ്പോകുന്നതിന്റെ പ്രത്യാഘാതമാണ്. ഇത് എവിടെയും ഏതു സമൂഹത്തിനും സഭാകൂട്ടായ്മയ്ക്കും സംഭവിക്കാവുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭൗതികതയിലും സമ്പദ് കാര്യങ്ങളിലും മുഴുകിയിരിക്കുന്ന ഭരണകര്‍ത്താക്കളാകുന്ന കെണിയില്‍ വീഴാതിരിക്കാന്‍ സഭാനേതൃത്വം പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ ബസ്സേത്തി അഭിപ്രായപ്പെട്ടു.