News - 2025
ആദ്യത്തെ പീഡിയാട്രിക് കാന്‍സര്‍ സെന്റര്‍ രാജ്യത്തിന് സമര്‍പ്പിച്ച് പെറുവിലെ സഭ
സ്വന്തം ലേഖകന്‍ 14-08-2019 - Wednesday
കുസ്കോ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ കത്തോലിക്ക സഭയുടെ പിന്തുണയോടെ നിര്‍മ്മിച്ച ആദ്യത്തെ പീഡിയാട്രിക് കാന്‍സര്‍ സെന്‍റര്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. അപ്പസ്തോലിക പ്രതിനിധി മോണ്‍. നിക്കോളാ ഗിരാസോളി, കുസ്കോ മെത്രാപ്പോലീത്ത മോണ്‍. റിച്ചാര്‍ഡ് അലാക്രോണ്‍ തുടങ്ങിയ പിതാക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെയാണ് ‘വിദവാസി’ (ജീവന്റെ ഭവനം) എന്ന പേരിലുള്ള ആശുപത്രി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. കുസ്കോയിലെ ഉറുസ്കോ ജില്ലയിലെ യാനാഹുവാര പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി ഓഗസ്റ്റ് 10 ശനിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.
ആശുപത്രിയുടെ സമര്‍പ്പണത്തോടനുബന്ധിച്ച്, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങള്‍, വിനോദോപാധികള്‍ക്കുള്ള സൗകര്യങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, മെഡിക്കല്‍ വില്ലേജ്, സന്നദ്ധ സേവന കേന്ദ്രങ്ങള്‍, ഫാമിലി ഹോസ്റ്റല്‍, ചാപ്പല്‍ തുടങ്ങിയവയുടെ സന്ദര്‍ശനം അപ്പസ്തോലിക പ്രതിനിധിയും മറ്റ് സഭാധികാരികളും നടത്തി. ‘വിദവാസി’ എല്ലാ പെറുവിയന്‍ ജനതയ്ക്കും ഒരു അനുഗ്രഹമാണെന്നും പ്രശാന്തമായ മേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഇവിടെ വരുന്ന കുഞ്ഞു കാന്‍സര്‍ രോഗികള്‍ക്കെല്ലാം ശാന്തിയും സമാധാനവും ലഭിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് ഗിരാസോളി പറഞ്ഞു.
കത്തോലിക്കാ സഭയുടെ പിന്തുണയോടെയാണ് വിദവാസി പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി ഏറ്റവുമധികം സഹായിച്ച കത്തോലിക്കാ സഭയോട് നന്ദി അറിയിക്കുന്നതായി ജെസൂസ് ഡോങ്കോ പറഞ്ഞു. കത്തോലിക്കാ സഭക്ക് പുറമേ, സാന്‍ ജോവാന്‍ ഡെ ഡ്യൂ ഹോസ്പിറ്റല്‍, ബാഴ്സലോണയിലെ പുയിഗ്വെര്‍ട്ട് ഫൗണ്ടേഷന്‍, മെക്സിക്കോയിലെ ടെലെടോണ്‍ ഹോസ്പിറ്റല്‍, അമേരിക്കയിലെ സെന്റ് ജൂഡ് ഹോസ്പിറ്റല്‍ തുടങ്ങിയ പ്രഗല്‍ഭ ഓങ്കോളജി ആശുപത്രികളുടെ സഹായവും ‘വിദവാസി’ക്കുണ്ട്.