News - 2025
സര്‍വ്വതും നഷ്ട്ടപ്പെട്ട ഇറാഖി ജനതയുടെ കണ്ണീരൊപ്പാന്‍ മലയാളി കന്യാസ്ത്രീകള്‍
സ്വന്തം ലേഖകന്‍ 19-08-2019 - Monday
കിര്‍കുക്ക്: യുദ്ധക്കെടുതികളുടെ ദുരന്തമുഖത്തുനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ഇറാഖിലെ ജനതയ്ക്കു സാന്ത്വന സ്പര്‍ശവുമായി കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി). സിഎംസിയിലെ മലയാളികളായ ആറു സന്യാസിനിമാരാണ് പുതുദൗത്യവുമായി ഇറാഖിലെത്തിയിട്ടുള്ളത്. യുദ്ധങ്ങളും കലാപങ്ങളും മുറിവേല്പിച്ച ഇറാഖിന്റെ മണ്ണില്‍ ആ രാജ്യത്തിനു പുറത്തുനിന്നു സേവനപ്രവര്‍ത്തനത്തിനെത്തുന്ന ആദ്യത്തെ സന്യാസിനീ സമൂഹമാണു സിഎംസി. ബാഗ്ദാദില്‍ നിന്നു 350 കിലോമീറ്റര്‍ മാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ കിര്‍കുക്ക് അതിരൂപതയിലും സാമന്ത രൂപതയായ സുലൈമാനിയയിലുമാണ് ഇവര്‍ സേവനം ചെയ്യുക.
യുദ്ധക്കെടുതിയില്‍ മക്കള്‍ ഉപേക്ഷിച്ച നിരാലംബരായ അല്‍ഷിമേഴ്‌സ് രോഗികളുടെയും യുവജനങ്ങളുടെയും സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയാണ് തങ്ങളുടെ പ്രധാന പ്രവര്‍ത്തനമേഖലയെന്ന് ഇറാഖിലെത്തിയ സിസ്റ്റര്‍ ദീപ ഗ്രെയ്‌സ് പറഞ്ഞു. പുതുതായി ആരംഭിക്കുന്ന കിര്‍കുക്കിലെ സിബിഎസ്ഇ സിലബസിലുള്ള സ്കൂള്‍, സുലൈമാനിയയിലെ ചാരിറ്റി ഹോം എന്നിവയ്ക്കു സന്യാസിനിമാര്‍ നേതൃത്വം നല്‍കും. പ്രതീക്ഷയറ്റ് കഴിയുന്ന നാനമതസ്ഥരായ ആളുകള്‍ക്ക് ഇടയില്‍ ഭവനസന്ദര്‍ശനം നടത്താനും അവര്‍ക്ക് ഇടയില്‍ മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും ഈ സന്യസ്ഥര്‍ ഒപ്പമുണ്ടാകും.
കേരളത്തിലെ വിവിധ സിഎംസി പ്രോവിന്‍സുകളില്‍ നിന്നുള്ള സിസ്റ്റര്‍ റോസ് മേരി (ഇരിങ്ങാലക്കുട), സിസ്റ്റര്‍ ദീപ ഗ്രെയ്‌സ് (അങ്കമാലി), സിസ്റ്റര്‍ അന്ന (എറണാകുളം), സിസ്റ്റര്‍ ടെസ് മരിയ (കാഞ്ഞിരപ്പള്ളി), സിസ്റ്റര്‍ വിനയ (ഡെറാഡൂണ്‍), സിസ്റ്റര്‍ ആന്‍സില (ചങ്ങനാശേരി) എന്നിവരാണ് അക്രമ ഭീഷണികളെ വകവെക്കാതെ ഇറാഖില്‍ സേവനം ആരംഭിച്ചിരിക്കുന്നത്. മണിപ്പൂരി സ്വദേശികളായ മൂന്നു സിഎംസി സന്യാസിനിമാരും ഉടന്‍ ഇറാഖിലെത്തും. കിര്‍കുക്ക് ആര്‍ച്ച്ബിഷപ്പ് മാര്‍ തോമസ് മിര്‍ക്കിസ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വഴി നടത്തിയ പ്രത്യേക ക്ഷണം സ്വീകരിച്ച് സിഎംസി സന്യാസിനീ സമൂഹം പുതിയ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.