News - 2024

മൊസാംബിക്കില്‍ സമാധാന ശ്രമങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് പാപ്പ

സ്വന്തം ലേഖകന്‍ 06-09-2019 - Friday

മപ്പൂത്തോ: നിര്‍ബന്ധ നിയമങ്ങളോ, അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനങ്ങളോ, സുരക്ഷാ സന്നാഹങ്ങളോ ഒന്നുമില്ലാത്ത ഒരു സമൂഹത്തിലാണ് സമാധാനം വളരുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. ത്രിദിന സന്ദര്‍ശനത്തിനായി മൊസാംബിക്കില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പ തലസ്ഥാന നഗരമായ മെപ്പൂത്തോയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. മൊസാംബിക്കിന്‍റെ തീരങ്ങളില്‍ ഈയിടെ ആഞ്ഞടിച്ച സൈക്ലോണ്‍ ഇദായി, കെന്നത്ത് എന്നിവയുടെ കെടുതിയില്‍പ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യവും സ്നേഹസാമീപ്യവും അറിയിക്കുന്നതായി ഓര്‍മ്മിപ്പിച്ചും തന്നെ രാജ്യത്തേക്ക് ക്ഷണിച്ചതിന് നന്ദി അറിയിച്ചുമാണ് പാപ്പ പ്രഭാഷണം ആരംഭിച്ചത്.

മൊസാംബിക്ക് ഒരു രാജ്യമെന്ന നിലയില്‍ നേരിട്ട പ്രതിസന്ധികളെയും വെല്ലുവിളികളെയും രാജ്യാന്തര സമൂഹത്തിന്‍റെ പിന്‍തുണയോടെ അനുരഞ്ജനത്തിന്‍റെ പാതയിലൂടെ നേരിടാന്‍ സാധിച്ചത് ചാരിതാര്‍ത്ഥ്യത്തോടെ അനുസ്മരിക്കുന്നു. സെറാ ദി ഗൊറോങ്കോസാ ഉടമ്പടിയിലൂടെയും, 1992-ല്‍ റോമില്‍ നടന്ന ചര്‍ച്ചകളിലൂടെ നിഗമനത്തില്‍ എത്തിയ പൊതുവായ സമാധാനക്കരാറിലൂടെയും മൊസാംബിക്കിലെ ജനങ്ങള്‍ക്കിടയില്‍ പരസ്പരം ഉയര്‍ന്ന സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ സംവാദത്തിന്‍റെ പാതയിലൂടെ സാധിച്ചത് സന്തോഷത്തോടെ ഇവിടെ അനുസ്മരിക്കുന്നു.

ചരിത്രപരമായ ഈ സമാധാന ഉടമ്പടികള്‍ തുടര്‍ന്നും പാലിക്കാനും, അതിന്‍റെ സദ്ഫലങ്ങളില്‍ വളര്‍ന്നു പ്രത്യാശയോടെ മുന്നോട്ടുപോകാനും മൊസാംബിക്കിലെ ജനങ്ങള്‍ക്കു രാഷ്ട്രനേതാക്കള്‍ കരുത്തേകേണ്ടതാണ്. ഉത്തരവാദിത്വത്തോടെയും പങ്കാളിത്തത്തിന്‍റെ പാതയിലും ജനങ്ങളെ കൂട്ടായ്മയിലേയ്ക്കു നയിക്കാന്‍ നേതാക്കള്‍ക്കു സാധിച്ചാല്‍ രാഷ്ട്രത്തിന്‍റെ ഭാവി ഇനിയും സമാധാനത്തിന്‍റെ പാതയില്‍ വളരും. പൊതുനന്മയ്ക്കായി ധൈര്യപൂര്‍വ്വം സമാധാനം ആശ്ലേഷിക്കുന്നതാണ് ഭാവി നന്മയെന്ന്, പോള്‍ ആറാമന്‍ പാപ്പായെ ഉദ്ധരിച്ചുകൊണ്ട്, ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാട്ടി

സമാധാനം കല്ലുകള്‍ക്കും മുള്ളുകള്‍ക്കും ഇടയില്‍ വളരുന്നൊരു ചെറുപുഷ്പം പോലെയാണ്. ഇന്നാടിന്‍റെ ശാശ്വതമായ സമാധാനം ഇവിടത്തെ സകലരിലും നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്ത്വമാണെന്ന് കാലാന്തരത്തില്‍ ജനങ്ങള്‍ക്കു മനസ്സിലായിട്ടുണ്ട്. അതിനാല്‍ മതഭ്രാന്തിനോ, മൗലിക ചിന്താഗതികള്‍ക്കോ കീഴ്പ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടും ധൈര്യത്തോടും ബുദ്ധികൂര്‍മ്മതയോടുംകൂടെ എപ്പോഴും അനുരഞ്ജനത്തിന്‍റെ വഴികളില്‍ മൊസാംബിക്കില്‍ സമാധാനം വളര്‍ത്തുവാനും നിലനിര്‍ത്താനും പരിശ്രമിക്കാം! അതിക്രമങ്ങള്‍ സമൂഹത്തില്‍ നാശം മാത്രമേ വിതയ്ക്കുകയുള്ളൂവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ മൊസാംബിക്കു സന്ദര്‍ശനത്തിന് ഇന്നതോടെ സമാപനമാകും. നാളെയും മറ്റെന്നാളും മഡഗാസ്ക്കറിലും 9, 10 തീയതികളില്‍ മൗറീഷ്യസിലും പാപ്പയുടെ സന്ദര്‍ശനം നടക്കും.

More Archives >>

Page 1 of 488