Life In Christ - 2024
കാമറൂണില്‍ വീണ്ടും ബൈബിള്‍ പരിഭാഷകന്‍ കൊല്ലപ്പെട്ടു: പിന്നില്‍ ഇസ്ളാമിക ഗോത്ര തീവ്രവാദികള്‍
സ്വന്തം ലേഖകന്‍ 30-10-2019 - Wednesday
കാമറൂണ്‍: സര്‍ക്കാരും വിഘടനവാദികളായ ഗറില്ലകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായ തെക്കന്‍ കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ വും ഗ്രാമത്തില്‍ വീണ്ടും ബൈബില്‍ പരിഭാഷകന്‍ കൊല്ലപ്പെട്ടു. വൈക്ലിഫ് ബൈബിള്‍ പരിഭാഷകരുമായി ബന്ധപ്പെട്ട ‘കാമറൂണ്‍ അസോസിയേഷന്‍ ഫോര്‍ ബൈബിള്‍ ട്രാന്‍സലേഷന്‍സ് ആന്‍ഡ് ലിറ്ററസി’ (CABTAL) യുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു ബെഞ്ചമിന്‍ ടെം എന്ന നാല്‍പ്പത്തിയെട്ടുകാരനെയാണ് ഒക്ടോബര്‍ 20 ഞായറാഴ്ച ഭവനത്തില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ഇസ്ളാമിക തീവ്രവാദികളായ ഫുലാനി ഗോത്രക്കാരാണ് കൊലപാതകത്തിന്റെ പിന്നിലെന്നു സംശയിക്കപ്പെടുന്നു.
സര്‍ക്കാര്‍ അനുകൂലികളായ ഫുലാനി ഗോത്രക്കാര്‍ തന്നെയാണ് അരുംകൊലയുടെ പിന്നിലെന്ന് പ്രദേശവാസികളും ആവര്‍ത്തിച്ചിട്ടുണ്ട്. കാമറൂണ്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനും, ഒയാസിസ് നെറ്റ്വര്‍ക്ക് ഫോര്‍ കമ്മ്യൂണിറ്റി ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന പ്രേഷിത കൂട്ടായ്മയുടെ തലവനുമായ എയിഫി ടെമ്പോണ്‍ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ‘കഴിഞ്ഞ രാത്രിയില്‍ മറ്റൊരു ബൈബിള്‍ പരിഭാഷകനായ സുഹൃത്ത് കൂടി കശാപ്പു ചെയ്യപ്പെട്ടു’ എന്നാണ് ടെമ്പോണിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നത്.
മാസങ്ങള്‍ക്കുള്ളില്‍ വും ഗ്രാമത്തില്‍ രണ്ടാമത്തെ ബൈബിള്‍ പരിഭാഷകനാണ് ബെഞ്ചമിന്‍ ടെം.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ആങ്കുസ് ഫുങ്ങ് എന്ന ബൈബിള്‍ പരിഭാഷകന്‍ ഫുലാനികളാല്‍ കൊല ചെയ്യപ്പെട്ടത്. പുതിയ നിയമം പ്രാദേശിക ഭാഷയായ അഘെമിലേക്ക് പരിഭാഷ ചെയ്തുവരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യക്കും ആക്രമണത്തില്‍ ഗുരുതരമായ മുറിവേറ്റിരുന്നു. വും ഗ്രാമത്തില്‍ മാത്രം ഇതിനോടകം തന്നെ ഇരുപതിലധികം ആളുകളെ ഫുലാനികള്‍ കൊല ചെയ്യുകയും അവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ ഫുലാനികളെ കൂട്ടുപിടിക്കുകയാണെന്ന ആരോപണം ശക്തമാണ്.