India - 2024

ഉയര്‍ന്ന ക്ലാസുകളിലെ പാഠങ്ങള്‍ക്കു സംയുക്ത രൂപം നല്‍കാന്‍ കത്തോലിക്ക- ഓര്‍ത്തഡോക്‌സ് സഭകള്‍ ധാരണയില്‍

13-12-2019 - Friday

കോട്ടയം: കത്തോലിക്ക സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും സംയുക്തമായി മതപഠനത്തിനുളള ഉയര്‍ന്ന ക്ലാസുകളിലെ പാഠങ്ങള്‍ക്കു രൂപം നല്‍കാന്‍ ധാരണ. കത്തോലിക്കാ സഭയുടെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെയും പ്രതിനിധികള്‍ ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള സംയുക്ത വേദശാസ്ത്ര സംവാദ സമിതി കോട്ടയം ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടത്തിയ ചര്‍ച്ചകളിലാണു തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമിതി എത്തിച്ചേര്‍ന്ന ക്രിസ്തു വിജ്ഞാനീയത്തിലുളള പൊതുധാരണകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ചില കൂദാശകള്‍ പങ്ക് വയ്ക്കുന്നതു സംബന്ധിച്ചും പളളികളും സെമിത്തേരികളും പങ്ക് വയ്ക്കുന്നതു സംബന്ധിച്ചും ഇതിനോടകം ഉണ്ടാക്കിയിട്ടുളള ധാരണകളുടെ അടിസ്ഥാനത്തിലാണു പാഠങ്ങള്‍ പൊതുവായി തയാറാക്കുന്നത്.

വിദ്യാഭ്യാസ ആതുര ശുശ്രൂഷാകേന്ദ്രങ്ങളില്‍ ഇതരസഭാംഗങ്ങള്‍ക്ക് ആവശ്യമായ അജപാലന ശുശ്രൂഷകള്‍ ലഭ്യമാക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാനും ഇരുസഭകളുടെയും സെമിനാരികള്‍ തമ്മില്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ പദ്ധതികള്‍ തയാറാക്കാനും തീരുമാനിച്ചു. സഭാ കേന്ദ്രങ്ങളില്‍നിന്നും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനും എല്ലാ കേന്ദ്രങ്ങളിലും എത്തിക്കും. സഭാ പിതാക്കന്മാരുടെ വിശ്വാസ പഠനങ്ങളുടെ വായനകള്‍ വര്‍ഷത്തില്‍ ഒരോ ദിവസവും വായിക്കത്തക്ക വിധത്തിലുളള പുസ്തകത്തിനു സമ്മേളനം രൂപംനല്‍കി പ്രസിദ്ധീകരിക്കും. ഒപ്പം സഭാചരിത്ര പഠനത്തിനായുളള പൊതുസ്രോതസുകളുടെ രൂപരേഖയും ക്രമപ്പെടുത്തിയിട്ടുണ്ട്.

ഫാ. അഗസ്റ്റിന്‍ കടയപറന്പില്‍, റവ.ഡോ. റജി മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബിഷപ് ഡോ. ബ്രയാന്‍ ഫാറല്‍, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് എന്നിവര്‍ അധ്യക്ഷതവഹിച്ചു. കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച്ബിഷപ് മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, റവ.ഡോ. മാത്യൂ വെളളാനിക്കല്‍, റവ.ഡോ. ജേക്കബ് തെക്കേപറന്പില്‍, റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപറന്പില്‍, റവ.ഡോ. ഹിയാസിന്‍ ഡെസ്റ്റിവെല്ല, ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചു ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഫാ. ബേബി വര്‍ഗീസ്, ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, റവ.ഡോ. ജോസ് ജോണ്‍, റവ.ഡോ. ജോസി ജേക്കബ്, റവ.ഡോ. ഏബ്രഹാം തോമസ്, റവ.ഡോ. റെജി വര്‍ഗീസ്, റവ.ഡോ. ഫെലിക്‌സ് യോഹന്നാന്‍, റവ.ഡോ. കോശി വൈദ്യന്‍ എന്നിവര്‍ പങ്കെടുത്തു.

More Archives >>

Page 1 of 287