India - 2025
പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും സഭയ്ക്കെതിരെ ദുഷ്ടശക്തികള്‍ പ്രബലപ്പെടുകയില്ല: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
സ്വന്തം ലേഖകന്‍ 20-12-2019 - Friday
പാലാ: വിവിധ പ്രതിസന്ധികള്‍ സഭയെ തകര്‍ക്കാന്‍ ശ്രമിച്ചാലും പത്രോസിന്റെ വിശ്വാസമാകുന്ന പാറമേല്‍ പണിയപ്പെട്ട സഭ ഉറപ്പുള്ളതാണെന്നും ദുഷ്ടശക്തികള്‍ പ്രബലപ്പെടുകയില്ലെന്നും മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ. 37ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവം നമ്മെ ഓര്‍ക്കുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷ. എന്തെല്ലാം ആരോപണങ്ങളും പരിഹാസങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാലും സുവിശേഷ സാക്ഷ്യപ്രവൃത്തികള്‍ അഭംഗുരം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രതിസന്ധികളിലും വിമര്‍ശനങ്ങളിലും ശാന്തത ക്രൈസ്തവര്‍ മുഖമുദ്രയാക്കണമെന്നും ദൈവവചനം നമ്മെ വെട്ടിയൊരുക്കുമ്പോഴാണ് പങ്കുവയ്പിന്റെ അനുഭവം യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മംഗലത്ത്, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, അരുണാപുരം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല്‍, ഫാ. കുര്യന്‍ മറ്റം, ബാബു തട്ടാംപറമ്പില്‍, സാബു കോഴിക്കോട്ട്, സണ്ണി പള്ളിവാതുക്കല്‍, ജോണ്‍സണ്‍ തടത്തില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, തോമസ് വടക്കേല്‍, ജോണി വേലംകുന്നേല്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ കൃതജ്ഞതയും പറഞ്ഞു.
ബൈബിള്‍ പ്രതിഷ്ഠയ്ക്കു പാലാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോസഫ് അഞ്ചേരില്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. അഗസ്റ്റിന്‍ തെരുവത്ത്, ഫാ. ജോണ്‍ എടേട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കു മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. കുര്യന്‍ ആനിത്താനം, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. കുര്യന്‍ തടത്തില്‍, ഫാ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. ബ്രദര്‍ ജോണ്‍ പോള്‍, ബ്രദര്‍ ബോണി മാടയ്ക്കല്‍, ബ്രദര്‍ പ്രമീല്‍ തോട്ടയ്ക്കാട്, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.