News - 2025
മെക്സിക്കോയില്‍ വെടിയേറ്റ വൈദികന്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ
സ്വന്തം ലേഖകന്‍ 09-01-2020 - Thursday
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ തട്ടിക്കൊണ്ടു പോയ വൈദികനെ വെടിയേറ്റ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മെക്സിക്കോയിലെ ട്ലാസ്‌ക്കലാ രൂപതയിലെ വൈദികനായ ഫാ. റോളി കണ്ടേലരിയോയെയാണ് ഗുരുതരമായ വിധത്തില്‍ പരിക്കേറ്റ നിലയില്‍ മെക്സിക്കോ- പുബേല ഫെഡറല്‍ ഹൈവേയില്‍ കണ്ടെത്തിയത്. പരിക്കുകൾ ഗുരുതരമാണ്. ശരീരത്തിൽ നാലോളം വെടിയുണ്ടയേറ്റ പാടുകൾ ഉണ്ടായിരുന്നു. വൈദികന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വിശ്വാസികളുടെ പ്രാര്‍ത്ഥനാസഹായം രൂപത നേതൃത്വം അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥന നേര്‍ന്ന് ദേശീയ മെത്രാന്‍ സമിതിയും രംഗത്ത് വന്നിട്ടുണ്ട്.
ലോകത്ത് വൈദികര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്ന രാജ്യം മെക്സിക്കോയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. സഭയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 26 വൈദികർ കൊല്ലപ്പെട്ടിട്ടുണ്ട്. മെക്സിക്കോയിലെ നിരവധി രൂപതകളിൽ നിന്നും വൈദികരെ ഭീഷണിപ്പെടുത്തിയതായുളള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അടുത്ത കാലങ്ങളിലായി മോഷണ ശ്രമത്തിനിടയിലും തട്ടിക്കൊണ്ടുപോയും നിരവധി വൈദികര്‍ രാജ്യത്തു ദാരുണമായി കൊല്ലപ്പെട്ടിരിന്നു.