News - 2025
കൊറോണ കാലത്ത് 'തിരുത്തല്‍ നിര്‍ദ്ദേശിച്ച' കൗമാരക്കാരനെ നേരിട്ടു വിളിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 03-05-2020 - Sunday
വത്തിക്കാൻ സിറ്റി: കൊറോണക്കാലത്ത് ദിവ്യബലിമധ്യേ സമാധാനം ആശംസിക്കാൻ പാപ്പ മറ്റുള്ളവരെ ക്ഷണിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി, ആൻഡ്രിയ എന്ന കൗമാരക്കാരൻ എഴുതിയ കത്തിന് പാപ്പയുടെ പ്രതികരണം. കൃക്‍സ് നൌ എന്ന പ്രമുഖ കത്തോലിക്ക മാധ്യമമാണ് 'പാപ്പയ്ക്ക് ലഭിച്ച നിര്‍ദ്ദേശ'വും അതിനു പാപ്പ നല്‍കിയ ശ്രദ്ധേയമായ പ്രതികരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോർത്തേൺ ഇറ്റലിയിലെ കരാവാഗിയോയില്‍ കഴിയുന്ന ആൻഡ്രിയ എന്ന ഓട്ടിസം ബാധിച്ച ബാലന് അയച്ച കത്തിനാണ് പാപ്പ നേരിട്ടു വിളിച്ച് സ്നേഹത്തോടെയുള്ള മറുപടി നല്‍കിയിരിക്കുന്നത്.
വിശുദ്ധ കുര്‍ബാന മദ്ധ്യേ ഹസ്തദാനം നൽകുവാന്‍ പാപ്പ ക്ഷണിക്കുന്നത് തെറ്റാണെന്നും പരസ്പരം സ്പർശനം വിലക്കിയിട്ടുള്ള കൊറോണ സമയത്ത് സമാധാനം ആശംസിക്കാൻ ക്ഷണിച്ചത് ശരിയല്ലായെന്നും ചൂണ്ടിക്കാണിച്ചായിരിന്നു ആൻഡ്രിയയുടെ കത്ത്. എന്നാല്‍ കത്ത് ലഭിച്ച ഉടന്‍ തന്നെ പാപ്പ കുടുംബത്തിലേക്ക് ടെലിഫോണ്‍ വഴി ബന്ധപ്പെടുകയായിരിന്നു. അവനോടൊപ്പം സൂപ്പർ മാർക്കറ്റിലായിരിക്കുമ്പോഴാണ് അമ്മ മരിയ തെരേസ ബറുഫിയ്ക്കു അപ്രതീക്ഷിത ഫോണ്‍ കോള്‍ ലഭിച്ചത്. ആൻഡ്രിയയുടെ കത്തിൽ താൻ സന്തോഷവാനാണെന്ന് അറിയിച്ച പാപ്പ കുശലാന്വേഷണങ്ങള്‍ക്കു ശേഷമാണ് വിശദീകരണം നല്‍കിയത്.
സാന്താ മാർത്തയിൽ, 'പരസ്പരം സമാധാനം ആശംസിക്കുവിൻ' എന്ന് ഞാൻ പറയുമെങ്കിലും ആരും പരസ്പരം സ്പർശിക്കാറില്ലായെന്നും ശിരസ് ചെറുതായി കുനിച്ച് ആശംസ അറിയിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ അവനെ അറിയിച്ചു. ഈ സമാധാന ആശംസ ധാരാളമാണെന്നും ആൻഡ്രിയയും ഇനി അങ്ങനെ ചെയ്താൽ മതിയെന്നും പാപ്പ പറഞ്ഞു. പ്രാര്‍ത്ഥനകള്‍ നേര്‍ന്നാണ് പാപ്പ തന്റെ ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്. ആൻഡ്രിയയുടെയും അമ്മയുടെയും പാപ്പയോടുള്ള സംഭാഷണത്തിന്റെ വീഡിയോ സുഹൃത്ത് മൊബൈലിൽ പകർത്തിയിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക് ആൻഡ്രിയ കത്ത് അയച്ചതിനെക്കുറിച്ചു ഏപ്രിൽ 29ന് സാന്ത മാര്‍ത്ത അർപ്പിച്ച ദിവ്യബലി മധ്യേയും പാപ്പ പങ്കുവെച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക