India - 2025
മാര്‍ഗരേഖ രൂപപ്പെടുത്തുന്നതിനുള്ള പ്രഥമ ചര്‍ച്ച കെസിബിസി കമ്മീഷന്‍ നടത്തി
20-05-2020 - Wednesday
കോട്ടയം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോവിഡ് അതിജീവനത്തിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ രൂപപ്പെടുത്തുന്നതിനുള്ള പ്രഥമ ആലോചന അടിച്ചിറ ആമോസ് സെന്ററില്‍ നടത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
ജോയിന്റ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുന്‍ ഡയറക്ടര്‍ ഫാ. റൊമാന്‍സ് ആന്റണി, ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, സിസ്റ്റര്‍ ജെസീന, പി.ജെ. വര്‍ക്കി, ജോബി മാത്യു, കെ.എ. രാജേഷ് എന്നിവര്‍ പങ്കെടുത്തു. കോവിഡ് ഉണ്ടാക്കുന്ന വ്യാപകഫലങ്ങളെ അതിജീവിക്കുന്നതിനുള്ള സമഗ്ര കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായാണ് ആലോചനാ യോഗം സംഘടിപ്പിച്ചത്.
തുടര്‍ന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങളിലെ ഡയറക്ടര്‍മാരുമായി കൂടിയാലോചനകള്‍ നടത്തി കര്‍മപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതാണെന്ന് കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ അറിയിച്ചു.