News - 2025
ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാന്‍ സെക്രട്ടേറിയേറ്റിന് അറുപതു വയസ്സ്
സ്വന്തം ലേഖകന്‍ 10-06-2020 - Wednesday
റോം: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ഒരുക്കമായി ഇതര ക്രൈസ്തവ സഭാസമൂഹങ്ങളുമായി ബന്ധപ്പെടുവാനും, ഐക്യത്തിന്‍റെ വഴികള്‍ തെളിയിക്കുവാനും വേണ്ടി ആരംഭിച്ച ക്രൈസ്തവ ഐക്യ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റിന് അറുപതു വയസ്സ്. 1960 ജൂണ്‍ ആറിന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായാണ് ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായി ആദ്യമായി ഒരു സെക്രട്ടേറിയേറ്റിന് രൂപം നല്‍കിയത്. 1960-ലെ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളായ ജനുവരി 25ന് ശ്ലീഹായുടെ നാമത്തില്‍ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍വെച്ചാണ് വത്തിക്കാനില്‍ ആസന്നഭാവിയില്‍ സംഗമിക്കാവാന്‍ പോകുന്ന രണ്ടാമത്തെ കൗണ്‍സിലിനെക്കുറിച്ച് (Vatican II Council) വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ പ്രഖ്യാപനം നടത്തിയത്. 'എക്യുമെനിക്കല്‍ കൗണ്‍സില്‍' എന്നാണ് വിശുദ്ധനായ പാപ്പ താന്‍ വിളിച്ചുകൂട്ടാന്‍ പോകുന്ന സഭാപിതാക്കാന്മാരുടെ സമ്മേളനത്തെ വിശേഷിപ്പിച്ചതെന്ന് പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉദ്ദ്യോഗസ്ഥന്‍, മോണ്‍സിഞ്ഞോര്‍ ജുവാന്‍ ഗോമസ് സ്മരിച്ചു.
ക്രിസ്തുവിന്‍റെ വീക്ഷണത്തില്‍ അവിടുന്ന് ആവിഷ്ക്കരിച്ചതുപോലെ സഭയെ പുനരാവിഷ്ക്കരിക്കുവാനും പുനര്‍നിര്‍മ്മിക്കുവാനുമുള്ള ശക്തിയാണ് സഭൈക്യ സംരംഭം. ഈ പ്രക്രിയ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും അവിടുത്തെ വചനത്തോടുള്ള വിശ്വസ്തതയുടെയും അടയാളമാണ്. ക്രിസ്തു തന്‍റെ പീഡാസഹനത്തിനു മുന്‍പ് പ്രാര്‍ത്ഥിച്ചത് സകലരും ഒന്നായിരിക്കുന്നതിനു വേണ്ടിയാണ്. ക്രിസ്തുവിലുള്ള വിശ്വാസവും അവിടുത്തെ സഭയോടുള്ള സ്നേഹത്തിന്‍റെ പ്രതീകവുമാണ് സഭൈക്യ സംരംഭം. അതിനാല്‍ ക്രിസ്തുവിന്‍റെ ശിഷ്യരുടെ തന്നെ മധ്യേയുള്ള പ്രവര്‍ത്തനവും, ദൃശ്യമായ ഐക്യത്തിനായുള്ള നിരന്തരമായ പരിശ്രമവുമാണതെന്നും മോണ്‍. ജുവാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.