News - 2025
കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റാലിയന്‍ കോണ്‍വെന്റിലെ അവസാന കന്യാസ്ത്രീയും രോഗമുക്തി നേടി
പ്രവാചക ശബ്ദം 10-06-2020 - Wednesday
റോം: അന്തേവാസികളായ സന്യസ്തരില്‍ പകുതിയിലേറെ പേര്‍ക്ക് കൊറോണ ബാധിക്കുകയും, ഒന്‍പതു പേര്‍ മരണപ്പെടുകയും ചെയ്ത വടക്കന്‍ ഇറ്റലിയിലെ ‘ലിറ്റില്‍ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’യുടെ ടോര്‍ട്ടോണയിലെ മദര്‍ഹൗസ് പൂര്‍ണ്ണമായും രോഗവിമുക്തമായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവസാന കന്യാസ്ത്രീയും രോഗവിമുക്തി നേടി ആശുപത്രി വിട്ടതായി ഇറ്റാലിയന്‍ ദിനപത്രമായ ലാ സ്റ്റാംപയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടോര്‍ട്ടോണയിലെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നവരും, മറ്റൊരു ഭവനത്തില്‍ ക്വാറന്റീനില്‍ ആയിരുന്ന 14 പേരും രോഗവിമുക്തരായി കോണ്‍വെന്റില്‍ തിരിച്ചെത്തിക്കഴിഞ്ഞതായി സിസ്റ്റര്‍ ഗബ്രിയേല പെരാസി അറിയിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സന്യാസിനി സഭയുടെ സ്ഥാപകനായ വിശുദ്ധ ലൂയിജി ഓറിയോണെയുമായി ബന്ധപ്പെട്ടിരിക്കുന്ന ടോര്‍ട്ടോണയിലെ മദര്‍ ഹൗസ് പ്രായമായവരുടേയും, ശാരീരിക വൈകല്യമുള്ളവരുടേയും അഭയ കേന്ദ്രം കൂടിയായിരിന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‍ കോണ്‍വെന്റിലെ 18 സിസ്റ്റേഴ്സിനെ റെഡ്ക്രോസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശേഷിച്ചവര്‍ മറ്റൊരു ഭവനത്തില്‍ ക്വാറന്റീനില്‍ തുടരുകയുമായിരിന്നു. കൊറോണ ബാധിതര്‍ അല്ലാത്ത മറ്റ് രോഗങ്ങളുള്ള പ്രായമായ ആറ് കന്യാസ്ത്രീകളെ നോക്കുന്നതിനായി ഒരു സിസ്റ്റര്‍ മാത്രമാണ് മദര്‍ ഹൗസില്‍ തുടര്‍ന്നതെന്ന് സി. ഗബ്രിയേല വെളിപ്പെടുത്തി.
ടോര്‍ട്ടോണയിലെ സന്യാസിനികള്‍ അനുഭവിച്ച കഷ്ടതകളെക്കുറിച്ചറിച്ചു അറിഞ്ഞ ഫ്രാന്‍സിസ് പാപ്പ സഭയുടെ സുപ്പീരിയര്‍ ജെനറല്‍ മദര്‍ മാബെല്‍ സ്പാഗ്നുവോളോക്ക് ഇ മെയില്‍ അയച്ചിരിന്നു. “ഈ സമയത്ത് നമ്മുടെ പ്രാര്‍ത്ഥനയിലും പ്രവര്‍ത്തിയിലും ധൈര്യം വേണം. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും മറക്കരുത്. യേശു നിങ്ങളെ അനുഗ്രഹിക്കുകയും മാതാവ് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ”- എന്നായിരിന്നു പാപ്പയുടെ സന്ദേശം. ഒന്‍പതോളം സഹ സന്യസ്ഥരെ നഷ്ട്ടമായെങ്കിലും കൂടുതല്‍ തീക്ഷ്ണതയോടെ ദൈവരാജ്യത്തിന് വേണ്ടി ശുശ്രൂഷ ചെയ്യാന്‍ തയാറെടുക്കുകയാണ് ‘ലിറ്റില്‍ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക