India - 2025
ലാളിത്യത്തിന്റെ ശൈലിയിലേക്ക് ലോകം വഴിമാറണം: ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്
പ്രവാചക ശബ്ദം 20-07-2020 - Monday
ഭരണങ്ങാനം: ആള്‍ക്കൂട്ടത്തിന്റെയും ധൂര്‍ത്തിന്റെയും പിടിയില്‍നിന്നും വിമുക്തരായി ലാളിത്യത്തിന്റെ ശൈലിയിലേക്ക് ലോകം വഴിമാറണമെന്നു പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭാരതത്തിന്റെ ലിസ്യുവായ ഭരണങ്ങാനത്ത് തിരുനാളിന് തുടക്കം കുറിച്ചുകൊണ്ടു സന്ദേശം നല്‍കുകയായിരിന്നു മാര്‍ ഐറേനിയോസ്. സ്വര്‍ഗം ആഗ്രഹിക്കുന്നത് ഈ വര്‍ഷം ഇതുപോലൊരു തിരുനാള്‍ ആഘോഷിക്കുവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാളിത്യത്തിന്റെ ജീവിത ശൈലി സ്വീകരിച്ചു സാധാരണ അനുഭവങ്ങളെ വീരോചിതപുണ്യമാക്കിയ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ലോകത്തിന് ആത്മീയതയുടെ നൂതന വഴി തുറക്കും. ആള്‍ക്കൂട്ടത്തിന്റെയും ധൂര്‍ത്തിന്റെയും പിടിയില്‍ നിന്നും വിമുക്തരായി ലാളിത്യത്തിന്റെ ശൈലിയിലേക്ക് ലോകം വഴിമാറണം. കബറിടത്തിലെത്തി വെറുതേ മടങ്ങിപ്പോകാതെ നാമായിരിക്കുന്ന ഇടങ്ങളിലും ഭവനങ്ങലളിലുമിരുന്ന് അല്‍ഫോന്‍സാമ്മയുടെ ജീവിതം പഠിച്ച് സ്വന്തം ജീവിതത്തിലേക്ക് തീര്‍ഥാടനം നടത്താനും തിരുത്തലുകള്‍ വരുത്താനും തിരുനാള്‍ ഇടയാക്കണമെന്നും ബിഷപ് മാര്‍ ഐറേനിയോസ് സന്ദേശത്തില്‍ പറഞ്ഞു.
തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസഫ് വള്ളോംപുരയിടം, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, തീര്‍ത്ഥാടന കേന്ദ്രത്തിലെ വൈദികര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൊടിയേറ്റിനു ശേഷം 11 ന് പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ ആഘോഷമായ വി. കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്നു പുലര്‍ച്ചെ 5.30നും 7.30നും 11നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമാനുസൃതമായ സുരക്ഷാ നടപടികള്‍ പാലിച്ച് വിശ്വാസികള്‍ക്ക് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കുന്നതിനും തിരുശേഷിപ്പ് വണങ്ങുന്നതിനുമായി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.